ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെട്രോ യാത്രയെ പരിഹസിച്ച് കോൺഗ്രസ്. ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷണൽ സെന്റർ ആന്റ് എക്സ്പോ സെന്ററിന് തറക്കല്ലിടാൻ ദ്വാരകയിലേക്കുളള യാത്രയാണ് മോദി മെട്രോയിലാക്കിയത്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് മോദി റോഡ് മാർഗ്ഗം ഒഴിവാക്കി മെട്രോ തിരഞ്ഞെടുത്തത്.

ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ 14 മിനിറ്റ് നേരമാണ് മോദി യാത്ര ചെയ്തത്. സാധാരണ ദ്വാരകയിലേക്ക് റോഡ് മാർഗ്ഗമാണ് പോകാറുളളത്. ഈ റോഡിൽ അറ്റക്കുറ്റ പണി നടക്കുന്നതിനാൽ മോദിയുടെ വരവോടെ ഗതാഗത കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. ഇതു മുന്നിൽക്കണ്ടാണ് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തത്.

എന്നാൽ മോദിയുടെ മെട്രോ യാത്രയെ പരിഹസിച്ചിരിക്കുകയാണ് കോൺഗ്രസ്. പെട്രോൾ വില വർധന പ്രധാനമന്ത്രിയുടെ പോക്കറ്റും കാലിയാക്കിയെന്നും അതിനാലാണ് അദ്ദേഹം മെട്രോയിൽ യാത്ര ചെയ്തതെന്നുമാണ് കർണാടക കോൺഗ്രസ് പറയുന്നത്. ഡൽഹിയിലെ ഇന്ധനവില വർധനവാണ് നരേന്ദ്ര മോദിയെ ഡൽഹി മെട്രോയിൽ യാത്ര ചെയ്യാൻ നിർബന്ധിപ്പിച്ചതെന്നാണ് കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തത്.

രാജ്യത്ത് ഇന്ധനവില ദിനംപ്രതി ഉയരുകയാണ്. വിലവർധന തടയാത്ത കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത ബന്ദും നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook