ന്യൂഡൽഹി: കഴിഞ്ഞ 11 വർഷത്തിനിടെ 2017-18 വർഷത്തിൽ കോൺഗ്രസിന് ലഭിച്ചത് ഏറ്റവും കുറവ് വരുമാനമാണെന്ന് പാർട്ടിയുടെ ഔദ്യോഗിക കണക്ക്. തൊട്ട് മുൻപത്തെ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ കുറവാണ് വരുമാനത്തിൽ ഉണ്ടായത്. തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ 2017-18 കാലത്ത് 199 കോടി മാത്രമാണ് ലഭിച്ചതെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഓഡിറ്റിങ്ങിന് വിധേയമാക്കിയ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതേ കാലയളവിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് 1027 കോടിയാണ് ലഭിച്ചത്. 2016-17 കാലത്ത് 225 കോടിയായിരുന്നു കോൺഗ്രസിന്റെ വരുമാനം. 2001 മുതൽ 2013 വരെയുളള സാമ്പത്തിക വർഷങ്ങളിൽ കോൺഗ്രസായിരുന്നു വരുമാനത്തിൽ മുന്നിൽ. എന്നാൽ 2014 ൽ അധികാരത്തിലെത്തിയതിന് പിന്നാലെ ബിജെപി കോൺഗ്രസിനെ പിന്നിലാക്കി.

ഇലക്ടറൽ ബോണ്ടുകൾ വഴിയുളള സംഭാവനയാണ് കോൺഗ്രസിന് ലഭിച്ച 199 കോടിയിൽ അഞ്ച് കോടി. അതേസമയം, ബിജെപിക്ക് 210 കോടി ഈ വഴിയിൽ ലഭിച്ചു. മറ്റ് പാർട്ടികൾക്കൊന്നും ഇലക്ടറൽ ബോണ്ട് വഴി സംഭാവന ലഭിച്ചിട്ടില്ല. കൂപ്പണുകൾ വിറ്റാണ് 110 കോടി സംഭാവന സ്വീകരിച്ചതെന്നാണ് കോൺഗ്രസ് പറയുന്നത്. 32 കോടി നേരിട്ടുളള സംഭാവനയായി ലഭിച്ചതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook