ന്യൂഡല്‍ഹി: കശ്മീരിനെ ‘ഇന്ത്യന്‍ അധിനിവേശ കശ്മീര്‍’ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസിന്റെ ലഘുപുസ്തകം വിവാദത്തിൽ. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് ഘടകം പുറത്തിറക്കിയ ലഘുലേഖയിലാണ് ഗുരുതരമായ പിഴവ് കണ്ടെത്തിയിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ വിവരിക്കുന്ന ഭാഗത്തെ ഭൂപടത്തിലാണു കശ്മീരിനെ ‘ഇന്ത്യൻ അധിനിവേശ കശ്മീർ’ എന്നു വിശേഷിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആണ് പുസ്തകം പുറത്തിറക്കിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ ഭരണത്തിലുണ്ടായ വീഴ്ചകള്‍ പൊതുജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണു ലഘുപുസ്തകം പുറത്തിറക്കിയത്.

വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. മാപ്പർഹിക്കാത്ത തെറ്റാണു ചെയ്തതെന്നും ഇന്ത്യാവിരുദ്ധർക്കു സന്തോഷം പകരുന്നതാണു കോൺഗ്രസ് നടപടിയെന്നും ബിജെപി കുറ്റപ്പെടുത്തി. അതേസമയം വലിയ തെറ്റാണ് സംഭവിച്ചതെന്നും അച്ചടിയിലുണ്ടായ പിശകാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സമാനമായ രീതിയിലൊരു തെറ്റ് മുൻപ് ബിജെപിക്കും സംഭവിച്ചിട്ടുണ്ടെന്നും അവരുടെ വെബ്‌സൈറ്റില്‍ തെറ്റായ ഭൂപടം കൊടുത്തിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാല്‍ ആ തെറ്റ് അവര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും അജയ് മാക്കന്‍ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ