ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അടിയന്തരാവസ്ഥാ പരാമര്‍ശത്തിനു കോണ്‍ഗ്രസിന്‍റെ ശക്തമായ മറുപടി.
” തീര്‍ച്ചയായും ഞങ്ങള്‍ അടിയന്തരാവസ്ഥയെ മറന്നിട്ടില്ല. പക്ഷെ രാജ്യം ഇപ്പോള്‍ കടന്നുപോവുന്നത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ്. മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ നടത്തുന്ന കടന്നാക്രമങ്ങളും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്.” കോണ്ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു.

രാജ്യത്തിന്‍റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ തകര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ നരേന്ദ്ര മോദി പരാജയപ്പെടകയാണ്. പ്രധാനമന്ത്രി ‘മന്‍ കി ബാത്തില്‍’ പല വിഷയങ്ങളെകുറിച്ചും വാചാലനാകുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിനു രാജ്യസുരക്ഷയെ കുറിച്ചോ അഭ്യന്തര സുരക്ഷയെകുറിച്ചോ സംസാരിക്കാന്‍ സാധിക്കാത്തത് ?” രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ പൂര്‍ണപരാജയമാണ് എന്നു പറഞ്ഞ ടോം വടക്കന്‍ “ഇതാദ്യമായാണ് പുറത്തുനിന്നും പാക്കിസ്ഥാന്‍റെയും അകത്തുനിന്നും തീവ്രവാദ- വിഘടനവാദ ശക്തികളും ഇത്ര സജീവമായി രാജ്യത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നത്.” എന്നും പറഞ്ഞു.

കഴിഞ്ഞദിവസം ‘മന്‍ കി ബാത്തില്‍’ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ദിരാഗാന്ധിക്കും അടിയന്തരാവസ്ഥയ്ക്കും എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ‘ആ കറുത്ത ദിനങ്ങള്‍ മറക്കരുത്’ എന്ന് അദ്ദേഹം യുവാക്കളെ ഓര്‍മപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ