ബെംഗളൂരു: കോടികളുടെ തട്ടിപ്പ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിമത എംഎല്‍എയുമായ ആര്‍.റോഷന്‍ ബെയ്ഗിനെ പിടികൂടിയത് വിമാനത്താവളത്തില്‍ നിന്ന്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് എംഎല്‍എയെ സ്‌പെഷ്യല്‍ ഇൻവെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് രാജിവച്ച 16 വിമത എംഎല്‍എമാരില്‍ ഒരാളാണ് റോഷന്‍ ബെയ്ഗ്. ജൂലൈ ആറിനാണ് ബെയ്ഗ് രാജി സമര്‍പ്പിച്ചത്. കര്‍ണാടകയിലെ ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്തോഷിനൊപ്പം ചാര്‍ട്ടേഡ് വിമാനത്തില്‍ പൂനെയിലേക്ക് പോകാനാണ് ബെയ്ഗ് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുംബൈയില്‍ താമസിക്കുന്ന വിമത എംഎല്‍എമാര്‍ക്കൊപ്പം ചേരാനായിരുന്നു യാത്ര. എന്നാല്‍, ഇതിനിടയില്‍ ബെയ്ഗിനെ പിടികൂടി. രണ്ടായിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ജുവലറി ഉടമ മുഹമ്മദ് മൻസൂർ ഖാനിൽ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ് റോഷൻ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്.
റോഷൻ ബെയ്ഗ് ഹൈക്കോടതിയെ സമീപിക്കും. അടിസ്ഥാനരഹിതമായ കേസിലാണ് അറസ്റ്റ് എന്നാണ് ബെയ്ഗ് ആരോപിക്കുന്നത്. ബിജെപിയും ബെയ്ഗിനെ പിന്തുണക്കുന്നു. കുമാരസ്വാമി പൊലീസിനെ വച്ച് നിയമം ദുരുപയോഗിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ പങ്കില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിദേശത്തുള്ള മുഹമ്മദ് മൻസൂർ ഖാൻ 24 മണിക്കൂറിനകം ബെംഗളൂരുവിലെത്തുമെന്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു റോഷൻ ബെയ്ഗിനെ പിടികൂടിയത്.