ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി രാജിവെക്കുന്നതായുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന വാദങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല. കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റിയെന്ന അടച്ചിട്ട് മുറിയിൽ കൂടുന്ന യോഗത്തിന് അതിന്റെ മൂല്യങ്ങൾ കാക്കാൻ അനുവദിക്കണമെന്ന് സുർജേവാല ആവശ്യപ്പെട്ടു. ഊഹപോഹങ്ങളിൽ വീണ് പോകുതെന്നും സുർജേവാല കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു സുർജേവാലയുടെ പ്രതികരണം.

” കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയാണ്. ആശയങ്ങൾ പങ്കുവെക്കുന്നതും തിരുത്തൽ നടപടികളും എടുക്കുന്ന ജനാധിപത്യപരമായ ഒരു സമിതിയാണ് അത്. മാധ്യമങ്ങൾ ഉൾപ്പടെയുള്ളവർ അതിന്റെ മൂല്യത്തെ മാനിക്കണം. തെറ്റിദ്ധരിപ്പിക്കുന്നതും അനാവശ്യവുമായ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്” സുർജേവാല ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസവും രാഹുൽ രാജിവെക്കുന്നതായുള്ള വാർത്തകൾ സജീവമാവുകയും കോൺഗ്രസ് ദേശീയ നേതൃത്വം അത് തള്ളുകയും ചെയ്തിരുന്നു. ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലിന്റെ രാജിയാണ് പ്രധാന ചര്‍ച്ചാ വിഷയമായത്. തനിക്ക് മാറി നിന്നേ പറ്റൂ എന്നാണ് യോഗത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് എടുത്തത്. മന്‍മോഹന്‍ സിംഗ് അടക്കമുളള 52 അംഗ സമിതി രാജിയാവശ്യം നിരാകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസിനേറ്റത്. 52 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് നേടിയത്. തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. അശോക് ഗെലോട്ടും, കമൽനാഥും പി.ചിദംബരവും പാർട്ടി കാര്യത്തേക്കാൾ മക്കൾക്ക് സീറ്റ് ഉറപ്പിക്കുന്നതിനാണ് ശ്രമിച്ചതെന്ന് രാഹുൽ പറഞ്ഞു.

“രാജസ്ഥാനിൽ അശോക് ഗെലോട്ടും, മധ്യപ്രദേശിൽ കമൽനാഥും സ്വന്തം മക്കൾക്ക് സീറ്റുറപ്പിക്കുന്നതിലും അവരെ ജയിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധിച്ചത്. തനിക്ക് അവർക്ക് സീറ്റ് നൽകുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്നില്ലെന്ന് അറിഞ്ഞിട്ട് പോലും സീറ്റ് വേണമെന്ന് നിർബന്ധം പിടിച്ചു. തമിഴ്‍നാട്ടിൽ ശിവഗംഗ സീറ്റ് മകൻ കാർത്തി ചിദംബരത്തിന് കൊടുക്കണമെന്ന് പി ചിദംബരവും വാശി പിടിച്ചു,” രാഹുൽ പറഞ്ഞു. ഈ മുതിർന്ന നേതാക്കളെല്ലാം രാജി ഭീഷണി മുഴക്കിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

യോഗത്തിനിടെ എന്തിനാണ് ഗാന്ധി കുടുംബത്തിലുളളവര്‍ മാത്രം അദ്ധ്യക്ഷനാവേണ്ടത് എന്ന് രാഹുല്‍ ചോദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ തന്നെ ഊന്നിയാണ് വീണ്ടും രാജിവാർത്തകൾ സജീവമാക്കുന്നത്. മറ്റ് ആര്‍ക്ക് വേണമെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷനാവാമെന്നും അദ്ദേഹം വ്യക്താമാക്കിയതായും റിപ്പോർട്ട് ചെയ്തിരുന്നു. രാഹുല്‍ മിണ്ടാതിരിക്കുകയും രാജി വെക്കുകയും ചെയ്യേണ്ടത് ബിജെപിയുടേയും ആര്‍എസ്എസിന്റേയും ആവശ്യമാണെന്നും നേതാക്കള്‍ പറഞ്ഞു. രാഹുല്‍ രാജി വയ്ക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുമെന്ന് പി ചിദംബരം അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook