ന്യൂഡൽഹി: ജസ്റ്റിസ് ലോയയുടെ മരണം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോൺഗ്രസ്. ലോയയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കൃത്രിമം നടന്നിട്ടുണ്ട്. ലോയയുടെ മൃതദേഹം പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർ ആ ദിവസം മറ്റു 3 പോസ്റ്റ്മാർട്ടം കൂടി നടത്തിയിരുന്നു. ലോയയുടെ മരണത്തെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും പറയാനില്ല. പക്ഷേ സാഹചര്യങ്ങൾ ചില കഥകൾ പറയുന്നുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.

സിബിഐ സ്പെഷൽ ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോൺഗ്രസ് നേതാവ് തെഹസീൻ പൊണ്ണാവാല, മാഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകൻ ബി.എസ്.ലോൺ എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്.

സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരില്‍ വച്ചാണ് ദുരൂഹമായി മരിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിന്റെ വാദം കേട്ടിരുന്നത് ലോയയാണ്.

ലോയ മരിക്കുന്നതിന് തൊട്ടുമുമ്പ് ഈ കേസിൽ വാദം നടന്ന ദിവസങ്ങളിലൊന്നായ ഒക്ടോബർ 31ന് അമിത് ഷാ കോടതിയിൽ ഹാജരായില്ല ഇതിനെ ലോയ വിമർശിച്ചിരുന്നു. കേസ് ഡിസംബർ 15ലേയ്ക്കു കേസ് മാറ്റി. എന്നാൽ കേസ് പരിഗണിക്കുന്നതിന് മുമ്പ് ഡിസംബർ ഒന്നിന് ലോയ മരിച്ചു. ഈ കേസിൽ ബിഎച്ച് ലോയയുടെ മരണശേഷം നടന്ന വിചാരണയിൽ അമിത് ഷായെ വെറുതെ വിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook