scorecardresearch

സിബിഐ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച്: രാഹുല്‍ ഗാന്ധി അറസ്റ്റില്‍

അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണു തീരുമാനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിബിഐ ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്കു മുമ്പിലും കോണ്‍ഗ്രസ് ഇന്നു പ്രതിഷേധ ധര്‍ണ നടത്തുമെന്ന് അറിയിച്ചിരുന്നു. സിബിഐ തലപ്പത്തെ തമ്മിലടി രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

റഫാല്‍ ഇടപാടിലെ അന്വേഷണം തടയാനാണു സിബിഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍നിന്നു നീക്കിയതെന്നാണു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണു തീരുമാനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

അതേസമയം, സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.കെ.പട്നായിക്കിന്റെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷനാണ് അന്വേഷണ ചുമതല. അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ മാസം 23 മുതലുളള സിബിഐയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

സിബിഐയിൽ നിർണായക തീരുമാനം എടുക്കുന്നതിന് ഡയറക്ടറുടെ താൽക്കാലിക ചുമതലയുളള നാഗേശ്വർ റാവുവിന് കോടതി വിലക്കേർപ്പെടുത്തി. നയപരമായ കാര്യങ്ങൾ നാഗേശ്വർ റാവു ഇടപെടരുതെന്നും കോടതി നിർദ്ദേശം നൽകി. നവംബർ 12 ന് കേസ് വീണ്ടും പരിഗണിക്കും.




സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിന് എതിരെ അലോക് വർമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടങ്ങിയ മൂന്നംഗ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തന്നെ സ്ഥാനത്ത് നിന്ന് നീക്കിയ പേഴ്‌സണല്‍ മന്ത്രാലയത്തിന്റെയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റേയും (സിവിസി) നടപടി നിയമവിരുദ്ധമാണെന്നാണ് അലോക് വർമ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress protests take centre stage rahul gandhi courts arrest