scorecardresearch

രാഹുലും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയില്‍; കേന്ദ്രത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിലക്കയറ്റം ഭക്ഷ്യവസ്തുക്കള്‍ക്കുമേലുള്ള ജി എസ് ടി തുടങ്ങിയ വിഷയങ്ങളിലായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

രാഹുലും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയില്‍; കേന്ദ്രത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശശി തരൂരും ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കസ്റ്റഡിയില്‍. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിലക്കയറ്റം ഭക്ഷ്യവസ്തുക്കള്‍ക്കുമേലുള്ള ജി എസ് ടി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധം.

ന്യൂഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കുകയും ജന്തര്‍ മന്തര്‍ ഒഴികെ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രാവിലെ സര്‍ക്കാരിനെതിരെ രൂക്ഷ ആക്രമണം നടത്തിയ രാഹുല്‍, ഇന്ത്യ ഇപ്പോള്‍ ജനാധിപത്യത്തിന്റെ പാതയിലല്ല, സ്വേച്ഛാധിപത്യമാണെന്ന് കുറ്റപ്പെടുത്തി. ഇന്ത്യ ജനാധിപത്യത്തിന്റെ മരണത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

”ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് പടുത്തുയര്‍ത്തിയ ഇന്ത്യ നിങ്ങളുടെ കണ്‍മുന്നില്‍ നശിപ്പിക്കപ്പെടുകയാണ്. സ്വേച്ഛാധിപത്യത്തിന്റെ ഈ ആശയത്തിനെതിരെ നിലകൊള്ളുന്ന ആരെയും ക്രൂരമായി ആക്രമിക്കുകയും ജയിലിലടക്കുകയും അറസ്റ്റുചെയ്യുകയും മര്‍ദിക്കുകയും ചെയ്യുന്നു,” രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധം നടക്കുകയാണ്. എല്ലാ തലസ്ഥാന നഗരികളിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. മുംബൈയില്‍ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആസാദ് മൈതാന്‍ സ്റ്റേഷനിലേക്കു മാറ്റി.

ചണ്ഡീഗഡില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ ഹരിയാന പി സി സി പ്രസിഡന്റ് ഉദയ് ഭാന്‍, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress protest rahul gandhi priyanka gandhi price rise ed action