ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പേരും ഉയർന്നു വന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖാർഗെയുടെ പേരും പരിഗണനയിൽ വന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന തീരുമാനം അറിയിക്കുന്നതിനു മുൻപ്, 90 മിനിറ്റോളം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഗെലോട്ട് കൂടിക്കാഴ്ച നടത്തി. തന്റെ ക്യാംപിൽനിന്നുണ്ടായ അപ്രതീക്ഷിത ധിക്കാരത്തിന് അദ്ദേഹം സോണിയയോട് ക്ഷമാപണം നടത്തി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനും അദ്ദേഹം സന്നദ്ധത അറിയിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് മനസിലാക്കുന്നു.
ഗെലോട്ടിന്റെ പിൻവാങ്ങലിനും ക്ഷമാപണത്തിനും പിന്നാലെ, ശശി തരൂരും ദ്വിഗ്‌വിജയ് സിങ്ങും ഒഴികെ ഗാന്ധി കുടുംബം ഒരു മൂന്നാം സ്ഥാനാർത്ഥിയെ ഉയർത്തി കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മത്സരത്തിലെ പുതിയ മുഖമായി ഖാർഗെ ഉയർന്നുവന്നതായി പറയപ്പെടുന്നു. മത്സരിക്കുന്നതിനോട് വിമുഖതയില്ലെന്നും എന്നാൽ സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരം മാത്രമേ ഖാർഗെ മുന്നോട്ട് പോകുകയുള്ളൂവെന്നും ഖാർഗെയോട് അടുത്ത വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു.
അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രിയങ്ക ഗാന്ധിക്കുമേൽ സമ്മർദമുണ്ടെന്നും ചില അഭ്യൂഹങ്ങളുണ്ട്. വ്യാഴാഴ്ച പ്രിയങ്കയുടെ വസതിയിൽ എത്തിയ സോണിയ ഒരു മണിക്കൂറിലധികം അവിടെ ചെലവിടുകയും ചെയ്തു.
ഗെലോട്ട് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ദ്വിഗ്‌വിജയ് സിങ് വെള്ളിയാഴ്ച നാമനിർദേശമപത്രിക സമർപ്പിക്കുമെന്ന് അറിയിച്ചു. ലോക്‌സഭാ എംപി ശശി തരൂരും വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. അതേസമയം, തരൂരിന്റെ നാമനിർദേശ പത്രികയിൽ ജി 23 നേതാക്കളാരും ഒപ്പിട്ടിട്ടില്ല. മൂന്നാം സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നേതൃത്വത്തിന്റെ തിരക്കേറിയ യോഗങ്ങൾക്കിടയിൽ ആനന്ദ് ശർമ്മയുടെ വസതിയിൽ യോഗം ചേർന്നു. പൃഥ്വിരാജ് ചവാൻ, മനീഷ് തിവാരി, ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരും സന്നിഹിതരായിരുന്നു.
ഇവരിൽ ഒരാൾ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഗ്രൂപ്പിലെ വൃത്തങ്ങൾ പറഞ്ഞു. രാത്രി വൈകി ഗെലോട്ട് താമസിക്കുന്ന ജോധ്പൂർ ഹൗസിലെത്തി ശർമ്മ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. മറ്റ് സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളായിരുന്ന മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.