ന്യൂഡല്‍ഹി: കലങ്ങിത്തെളിയാതെ തുടരുകയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് മത്സരിക്കണമെന്നതിലെ അന്തിമ തീരുമാനം. ഒടുവിലായി ഉയരുന്ന പേര് മുതിര്‍ന്ന നേതാവ് ദ്വിഗ്‌വിജയ് സിങ്ങിന്റേതാണ്.
കോണ്‍ഗ്രസിന്റെ പ്രതിസന്ധി കാലത്ത് 1993 മുതല്‍ 2003 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദ്വിഗ്‌വിജയ് സിങ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. പത്രിക സമര്‍പ്പിക്കാനായി ദ്വിഗ്‌വിജയ് സിങ് നാളെയോ മറ്റന്നാളോ ഡല്‍ഹിയിലെത്തുമെന്നാണ് വിവരം.
പാര്‍ട്ടി നേതൃത്വത്തിന്റെ പ്ലാന്‍ ബിയാണ് ദ്വിഗ്‌വിജയ് സിങ്ങിന്റെ വരവെന്നാണ് ഒരു വിഭാഗം നേതാക്കന്മാരുടെ അഭിപ്രായം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി പദം രാജിവപ്പിച്ച് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ദ്വിഗ്‌വിജയ് തന്ത്രമെന്നും വിലയിരുത്തലുണ്ട്.
ഗെലോട്ടും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ നീക്കം. ഗെലോട്ടും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയും സംഭവിച്ചില്ല. സോണിയയുടെ ഓഫിസില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗെലോട്ട് ജയ്പൂരില്‍ നിന്ന് പുറപ്പെട്ടിരുന്നില്ല.
ഗാന്ധി കുടുംബം തന്നെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നാല്‍ മതിയെന്ന അഭിപ്രായമാണ് സോണിയയോട് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും പറഞ്ഞിരിക്കുന്നത്. താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന കാര്യവും ആന്റണി വ്യക്തമാക്കി.
ഗെലോട്ട് പുതിയ നീക്കങ്ങളുമായി മുന്നോട്ട് പോയാല്‍ ദ്വിഗ്‌വിജയ് സിങ്ങില്‍ ഹൈക്കമാന്‍ഡ് ഉറച്ച് നിക്കാനും സാധ്യതയുണ്ടെന്നാണ് നേതാക്കളില്‍ നിന്ന് ഉയരുന്ന അഭിപ്രായം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ സെപ്തംബര്‍ 30 അല്ല തിരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ ദിനം. അത് ഒക്ടോബര്‍ എട്ടാണ്, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ആര് മത്സരത്തിനായി അവശേഷിക്കും എന്നതാണ് പ്രധാനം, മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.
തിരഞ്ഞെുപ്പില്‍ മത്സരിക്കുന്ന കാര്യം ദ്വിഗ്‌വിജയ് സിങ് ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും സൂചനയുണ്ട്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലാതെ ഖാര്‍ഗെ കളിത്തിലിറങ്ങാനുള്ള സാധ്യത കുറവാണ്. സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയാല്‍ മാത്രമെ ഖാര്‍ഗെ മത്സരിക്കാനിടയുള്ളു.