ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വക്താവുമായ രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ഇക്കാര്യം അറിയിച്ചത്. സോണിയ ഗാന്ധി ഐസൊലേഷനില്‍ പ്രവേശിച്ചു.
“നേരിയ പനിയും ലക്ഷണങ്ങളും സോണിയ ഗാന്ധിക്കുണ്ടായിരുന്നു. ആവശ്യമായ വൈദ്യസഹായം നൽകിയിട്ടുണ്ട്. ഇന്നത്തെ സ്ഥിതിഗതികള്‍ അനുസരിച്ച് ജൂണ്‍ എട്ടിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകും,” സുർജേവാല പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ജോണ്‍ എട്ടിന് മുന്‍പ് ഹാജരാകാനാണ് രാഹുല്‍ ഗാന്ധിക്കും സോണിയയ്ക്കും ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
രാഹുലിനേയും സോണിയേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടപടിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പണമിടപാടുകള്‍ ബന്ധപ്പെട്ടിട്ടില്ലാത്തതിനാല്‍ നടപടി വിചിത്രമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതികരണം.
“ഞങ്ങൾ നടപടി നേരിടും. ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല,” പാർട്ടി വക്താവ് അഭിഷേക് സിങ്വി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഹെഡ് സുർജേവാലയ്‌ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
നാഷണൽ ഹെറാൾഡ് ദിനപത്രത്തിനെ പറ്റി അന്വേഷിക്കാനും സോണിയയുടെയും രാഹുലിന്റെയും നികുതി സംബന്ധിച്ച് വിവരങ്ങള്‍ തേടാനും ആദായനികുതി വകുപ്പിന് അനുമതി നൽകിയ ട്രയൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. 2013 ൽ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് ഉത്തരവ്.
Also Read: ‘രാജ്യസേവനത്തില്‍ മോദിക്കൊപ്പം പോരാളിയായി ഞാനും’; ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍