ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കോവിഡ് അനുബന്ധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ ഗംഗാ റാം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണു സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
”കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കോവിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഇന്ന് ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ സുഖമായിരിക്കുന്നു. ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ആശുപത്രിയില്‍ തുടരും. ആരോഗ്യനില സംബന്ധിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുകയും സൗഖ്യം നേരുകയും ചെയ്ത എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി,” സുര്‍ജേവാല ട്വീറ്റ് ചെയ്തു.
10 ദിവസം മുമ്പാണ് സോണിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. നേരിയ പനിയും മറ്റു ചില ലക്ഷണങ്ങളുമുണ്ടെന്നും സോണിയ സ്വയം ഐസൊലഷേനിലാണെന്നും രണ്‍ദീപ് സുര്‍ജേവാല ആ സമയത്ത് അറിയിച്ചിരുന്നു.
Also Read: രാഷ്ട്രപതി തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് മമത
സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം വന്നതിനെത്തുടര്‍ന്ന് ചികില്‍സ നല്‍കിയ ശേഷം സോണിയയെ, ആശുപത്രിയിലെ പഴയ ബ്ലോക്കിലെ സ്വകാര്യ മുറിയിലേക്കു നിരീക്ഷണത്തിനായി മാറ്റിയിരിക്കുകയാണ്.
മക്കളായ മകള്‍ പ്രിയങ്ക ഗാന്ധി വദ്രയും രാഹുല്‍ ഗാന്ധിയും സോണിയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്. ആസ്തമ സംബന്ധമായ പ്രശ്‌നങ്ങളുള്ള സോണിയ നെഞ്ചുരോഗ വിദഗ്ധന്‍ ഡോ. അരൂപ് ബസുവിന്റെ കീഴിലാണു സാധാരണ ചികിത്സ തേടാറുള്ളത്. മുന്‍പ് നെഞ്ചില്‍ അണുബാധയുണ്ടായിരുന്നു. വയറിലെ അണുബാധയുടെ ചികിത്സയ്ക്കായി 2020 ഫെബ്രുവരിയിലും പതിവ് പരിശോധനകള്‍ക്കായി ജൂലൈയിലും സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 23 നു ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം സോണിയയ്ക്കു പുതിയ സമന്‍സ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ എട്ടിന് ഹാജരാവാനാണു സോണിയയോട് ഇ ഡി നിര്‍ദേശിച്ചിരന്നത്. എന്നാല്‍ കോവിഡ് കാരണം ഹാജരായിരുന്നില്ല. ഇതേ കേസില്‍ 13 നു ഹാജരാവണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്കും ഇ ഡി പുതി സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്.