ന്യൂഡല്‍ഹി: രാജി തീരുമാനത്തില്‍ നിന്നും പിന്നോട്ട് മാറാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തീരുമാനത്തിന് മാറ്റമില്ലെന്നും പിന്‍ഗാമിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ‘തീരുമാനങ്ങളെടുക്കാന്‍ ശരിയായ ആള്‍ ഞാനല്ല. അത്തരം കാര്യങ്ങളിലൊന്നും ഇടപെടുകയുമില്ല,’ രാഹുല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വളരെ ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. എന്‍ഡിഎ 353 സീറ്റുകള്‍ നേടിയപ്പോള്‍ വെറും 52 സീറ്റാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. തന്റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയുമായി മത്സരിച്ച രാഹുല്‍ ഗാന്ധി പരാജയമേറ്റുവാങ്ങി. അതേസമയം, വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ വിജയിച്ചത്.

Read More: ജന്മദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസ് നേര്‍ന്ന് നരേന്ദ്ര മോദി

രണ്ടാം തവണയും കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ അധ്യക്ഷ പദവിയില്‍ നിന്നും രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. പദവിയിലേക്ക് ഉചിതനായ ഒരാളെ പാര്‍ട്ടി കണ്ടെത്തുന്നതു വരെയേ താന്‍ തുടരുകയുള്ളൂ എന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ രാഹുലിനെ തീരുമാനത്തില്‍ നിന്നും പിന്മാറ്റാന്‍ സാധിച്ചിട്ടില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രാഹുലുമായി സംസാരിച്ച് ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുലിന്റെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. രാഹുലിനോട് പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലയും ഏറ്റെടുത്ത് ആവശ്യമായ അഴിച്ചു പണികള്‍ നടത്താനാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook