ന്യൂഡൽഹി: രാജ്യത്ത് വിദ്വേഷം പരത്തി ഇന്ത്യയെ വിഭജിക്കാനാണ് ചില ശക്തികളുടെ ശ്രമമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഈ ശക്തികൾക്കെതിരെ പോരാടാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. അതിനായി പാർട്ടിയെ ശക്തിപ്പെടുത്തണം. അതിനുവേണ്ടി യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. യുവാക്കളെ കൊണ്ടുവരുമ്പോഴും തലമുതിർന്ന പ്രവർത്തകരെ മറക്കില്ല. കോൺഗ്രസിന് മാത്രമേ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി പതാക ഉയർത്തിയതോടെയാണ് പ്ലീനറി സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിൽ കോൺഗ്രസിന്റെ മാർഗരേഖ അവതരിപ്പിക്കും. രാഹുൽ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുളള ആദ്യ പ്ലീനറി സമ്മേളനമാണിത്. രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളടക്കമുള്ള നാല് പ്രമേയങ്ങൾ സമ്മേളനം പാസാക്കും. കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടണമെന്നതുൾപ്പടെയുള്ള കാര്യങ്ങളും സമ്മേളനം ചർച്ച ചെയ്യും.

കോൺഗ്രസിനെ എങ്ങനെ ശക്തിപ്പെടുത്താം, 2019 ലെ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയം നേടാം എന്നിവയും സമ്മേളനത്തിൽ ചർച്ചയാകും. പ്രതിപക്ഷ മഹാസഖ്യത്തിലൂടെ ബിജെപിയെ അധികാരത്തിൽ നി‌ന്നു താഴെയിറക്കുന്നതിനെപ്പറ്റിയും ചർച്ചയുണ്ടാകും.

പ്ലീനറി സമ്മേളനത്തിൽ കേരളത്തിൽനിന്നും അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 65 എഐസിസി അംഗങ്ങൾ ഉൾപ്പെടെയാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ