/indian-express-malayalam/media/media_files/uploads/2022/10/Sashi-Kharge.jpeg)
Express Photo: Tashi Tobgyal
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കു തിളക്കമാർന്ന വിജയം. ഗാര്‍ഖെ 7,897 വോട്ട് നേടിയപ്പോൾ ശശി തരൂരിന് 1,072 വോട്ട് ലഭിച്ചു. ആകെ 9,385 വോട്ടാണ് പോൾ ചെയ്തത്. 416 എണ്ണം അസാധുവായി.
ഇനിയെല്ലാം ഖാര്‍ഗെ തീരുമാനിക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം. ഖാര്‍ഗെയ്ക്ക് തരൂര്‍ ട്വീറ്റിലുടെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഖാർഗെയെ അഭിനന്ദിച്ച തരൂർ, പാർട്ടിയുടെ പുനരുജ്ജീവനം ഇന്ന് ആരംഭിക്കുമെന്നു കരുതുന്നതായി പറഞ്ഞു.
"ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായിരിക്കുകയെന്നത് ഒരു വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണ്, ഖാർഗെ ജിക്ക് ഈ ദൗത്യത്തിൽ എല്ലാ വിജയങ്ങളും നേരുന്നു," അദ്ദേഹം ട്വീറ്റ് ചെയ്തു.
ഖാർഗെയെ വിജയിയായി പ്രഖ്യാപിച്ചതിനു പിന്നാലെ എ ഐ സി സി ആസ്ഥാനത്തിനു പുറത്ത് വൻ ആഘോഷം നടന്നു.
#WATCH | Mallikarjun Kharge wins the Congress presidential elections; celebration visuals from outside the AICC office in Delhi pic.twitter.com/DiIpt5aLpJ
— ANI (@ANI) October 19, 2022
ഉത്തര്‍ പ്രദേശില്‍ (യുപി) അട്ടിമറി നടന്നതായി ശശി തരൂര്‍ ക്യാമ്പ് ആരോപിച്ചിരുന്നു. യുപിയിലെ വോട്ടുകള്‍ റദ്ദാക്കണമെന്ന ആവശ്യവും തരൂര്‍ ക്യാമ്പ് ഉന്നയിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എ ഐ സി സിയിൽ എത്തിക്കാൻ വൈകിയെന്നും ആരോപണമുണ്ട്.
It is a great honour & a huge responsibility to be President of @INCIndia &I wish @Kharge ji all success in that task. It was a privilege to have received the support of over a thousand colleagues,& to carry the hopes& aspirations of so many well-wishers of Congress across India. pic.twitter.com/NistXfQGN1
— Shashi Tharoor (@ShashiTharoor) October 19, 2022
തരൂര്‍ പരാതി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് സമിതി തള്ളുകയായിരുന്നു. ആയിരം വോട്ടുകളെങ്കിലും ലഭിക്കുമെന്നായിരുന്നു തരൂര്‍ ക്യാമ്പിന്റെ പ്രതീക്ഷ. എന്നാല്‍ 72 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് തരൂരിന്റെ വിജയമാണെന്നാണ് അനുകൂലികള്‍ പറയുന്നത്.
25 വര്‍ഷത്തിനിടെ ആദ്യമായി ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്തുന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രക്ഷുബ്ധ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.
മല്ലികാര്‍ജുന്‍ ഖര്‍ഗെ (80)
അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസിലള്ള കര്‍ണാടകയില്‍ നിന്നുള്ള നേതാവാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ്, ഒമ്പത് തവണ എംഎല്‍എ. രണ്ട് തവണ ലോക്‌സഭാംഗം. 2014 -19ല്‍ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ്, രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍, തൊഴില്‍ മന്ത്രി എന്നീ നിലകളില്‍ ശ്രദ്ധനേടിയ നേതാവാണ്. നിലവില്‍ രാജ്യസഭാംഗം
ശശി തരൂര്‍ (66)
രാജ്യാന്തര പ്രതിഛായയുള്ള ശശി തരൂര്‍ 2009 മുതല്‍ തിരുവനന്തപുരം എംപിയാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ, മാനവശേഷി മന്ത്രാലയങ്ങളില്‍ സഹമന്ത്രിയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയില്‍ 29 വര്‍ഷം. അണ്ടര്‍ സെക്രട്ടറി ജനറല്‍ വരെയായി. 2007ല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മത്സരിച്ചു. 2009ല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍. പാര്‍ലമെന്റിലെ ഐടി സ്ഥിരം സമിതി മുന്‍ അധ്യക്ഷന്‍. നിലവില്‍ വളം, രാസവസ്തു മന്ത്രാലയ സ്ഥിരം സമിതി അധ്യക്ഷനാണ് തരൂര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us