ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 17ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി അദ്ദേഹം ഇന്ന് രാത്രി ഡല്‍ഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയാണു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സജീവ പരിഗണിച്ചിരുന്നത്. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ സാധ്യതകൾക്കു മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു ദിഗ്‌വിജയ് സിങ്ങിന്റെ പേരു പരിഗണയിലേക്ക് എത്തുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ, മത്സരത്തില്‍ നിഷ്പക്ഷത പുലര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടും പുതിയ സാഹചര്യം മറികടക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ലോക്സഭാ എംപി ശശി തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അവസാന ദിവസമായ 30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
അതിനിടെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ ഗെലോട്ട് ഇന്ന് ഹൈക്കമാന്‍ഡിനെ കാണും. അദ്ദേഹം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു പോകുമെന്നാണ് സൂചന. സന്ദര്‍ശനത്തിന് മുന്നോടിയായി ചില മന്ത്രിമാരും എംഎല്‍എമാരും അദ്ദേഹത്തെ കാണാന്‍ ഗെലോട്ടിന്റെ വീട്ടിലെത്തി.
പാര്‍ട്ടി നേതൃത്വത്തിനും സംഘടനയ്ക്കുമൊപ്പം 102 എംഎല്‍എമാരുടെ മനസ് അറിയിക്കാന്‍ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് 5.30 ന് ഡല്‍ഹിയിലേക്ക് പോകും,”കാബിനറ്റ് മന്ത്രി പ്രതാപ് സിങ് ഖാചാരിയവാസ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞായറാഴ്ച ജയ്പൂരിലുണ്ടായ സംഭവവികാസങ്ങളാണു ഗെലോട്ടിന്റെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ശ്രമത്തിന് തടയിട്ടത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കമല്‍നാഥ്, മുകുള്‍ വാസ്നിക്, സുശീല്‍ കുമാര്‍ ഷിന്‍ഡെ തുടങ്ങിവരുടെ പേരുകളും സാധ്യതാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലുണ്ട്. രാജസ്ഥാനിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിനെയും ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെ, രാജസ്ഥാനിലെ മുഖ്യമന്ത്രിസ്ഥാനം പൈലറ്റിന് കൈമാറാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം വ്യക്തമായതോടെ, ഗെലോട്ടിന്റെ വിശ്വസ്ത എംഎല്‍എമാര്‍ തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് പോകുന്നതിനുപകരം പ്രതിഷേധം അറിയിച്ച് കാബിനറ്റ് മന്ത്രി ശാന്തി ധരിവാളിന്റെ വസതിയില്‍ എംഎല്‍എമാര്‍ യോഗം കൂടിയിരുന്നു. പ്രതിഷേധം അറിയിച്ച് നിയമസഭാ സ്പീക്കര്‍ സി പി ജോഷിക്ക് രാജിക്കത്ത് സമര്‍പ്പിക്കാനാണ് യോഗത്തില്‍ തീരുമാനം എടുത്തത്.