scorecardresearch
Latest News

പോരാട്ടം ശശി തരൂരും മല്ലികാർജുൻ ഖാര്‍ഗെയും തമ്മിൽ; ഇരുവരും പത്രിക സമര്‍പ്പിച്ചു

ഝാര്‍ഖണ്ഡില്‍നിന്നുള്ള നേതാവ് കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചു

AICC president election, Shashi Tharoor, Mallikarjun Kharge

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെയും ശശി തരൂര്‍ എം പിയും തമ്മിലുള്ള മത്സരത്തിനു കളമൊരുങ്ങി. ഇവര്‍ക്കു പുറമെ ഝാര്‍ഖണ്ഡില്‍നിന്നുള്ള നേതാവ് കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചിച്ചുണ്ടെങ്കിലും ഇദ്ദേഹത്തിനു വലിയ സാധ്യതകളില്ലെന്നാണു കോണ്‍ഗ്രസിനകത്തെ വിലയിരുത്തല്‍. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

അശോക് ഗെ്ലോട്ട്, ദിഗ്‌വിജയ സിങ്, പ്രമോദ് തിവാരി, പി എല്‍ പുനിയ, എ കെ ആന്റണി, പവന്‍ കുമാര്‍ ബന്‍സാല്‍, മുകുള്‍ വാസ്നിക്, ജി 23 നേതാക്കളായ ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവര്‍ ഉള്‍പ്പെടെ 10 മുതിര്‍ന്ന നേതാക്കളാണു ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ ഏറ്റവും പരിചയസമ്പന്നരില്‍ ഒരാളായ ഖാര്‍ഗെ, ദളിത് നേതാവ് കൂടിയാണു മനീഷ് തിവാരി പറഞ്ഞു.

വലിയ മാറ്റത്തിനു വേണ്ടിയാണ് താന്‍ പോരാടുന്നതെന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തനിക്ക് വോട്ട് ചെയ്യാന്‍ പാര്‍ട്ടി പ്രതിനിധികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചതായും വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

”കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേതാവിനെ തിരഞ്ഞെടുക്കാനുള്ള തുറന്ന ജനാധിപത്യ പ്രക്രിയയുള്ള ഇന്ത്യയിലെ ഒരേയൊരു പാര്‍ട്ടിയെ സേവിക്കാന്‍ കഴിയുന്നത് അനുഗ്രഹമാണ്. സോണിയാജിയുടെ മാര്‍ഗനിര്‍ദേശത്തെയും കാഴ്ചപ്പാടിനെയും അങ്ങേയറ്റം അഭിനന്ദിക്കുന്നു,” നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം തരൂര്‍ ട്വീറ്റ് ചെയ്തു.

”എനിക്ക് കോണ്‍ഗ്രസിനെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട്. അത് ഞാന്‍ എല്ലാ പ്രതിനിധികളിലും എത്തിക്കും. ഞങ്ങള്‍ അവരുടെ പിന്തുണ തേടാന്‍ പോകുന്നു… എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശബ്ദമാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്. കശ്മീര്‍ മുതല്‍ കേരളം വരെയും പഞ്ചാബ് മുതല്‍ നാഗാലാന്‍ഡ് വരെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ സൂചനകള്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ പ്രചാരണം അവരെ ആകര്‍ഷിക്കുമെന്നും പാര്‍ട്ടിയുടെ മുന്നോട്ടുള്ള വഴിയെ പ്രതിനിധീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു,” തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയാണു പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കു ഹൈക്കമാന്‍ഡ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിനു വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കങ്ങള്‍ ഗെലോട്ട് നടത്തിയതോടെ സാഹചര്യം മാറി. തുടര്‍ന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച അദ്ദേഹം മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ പേര് മത്സരരംഗത്ത് ഉയര്‍ന്നു. എന്നാല്‍ അദ്ദേഹം പിന്മാറിയാതായാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുകയാണെങ്കില്‍ താനില്ലെന്നു ദിഗ്‌വിജയ് സിങ് പറഞ്ഞു.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ അജയ് മാക്കനൊപ്പം എ ഐ സി സി നിരീക്ഷകനായി ഇപ്പോള്‍ മത്സരരംഗത്തുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുണ്ടായിരുന്നു. മുകുള്‍ വാസ്നിക്, കുമാരി സെല്‍ജ എന്നിവരുടെ പേരുകളും എ ഐ സി സി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress president election shashi tharoor mallikarjun kharge sonia gandhi