scorecardresearch
Latest News

തരൂരോ ഖാർഗയെോ? കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഫലം 19ന്

രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലിനു പൂർത്തിയായി

congress president polls 2022, Congress elections result date, Shashi Tharoor, Mallikarjun Kharge, iemalayalam

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് അവസാനിച്ചു. ഇനി അറിയാനുള്ളത് മല്ലികാർജുൻ ഖാർഗയോ അതോ ശശി തരൂരോ ആരാണു കോൺഗ്രസിനെ നയിക്കുകയെന്നതാണ്. 19നാണു വോട്ടെണ്ണൽ.

എ ഐ സി സിയിലും പി സി സികളിലുമായി സജ്ജീകരിച്ചിട്ടുള്ള 67 ബൂത്തുകളിൽ രാവിലെ പത്തു മുതൽ വോട്ടെടുപ്പ് വൈകീട്ട് നാലു വരെയായിരുന്നു വോട്ടെടുപ്പ്. ഒൻപതിനായിത്തിലധികം പ്രതിനിധികൾക്കായിരുന്നു വോട്ടവകാശം.

കേരളത്തിൽനിന്ന് 310 പേരാണു വോട്ടർ പട്ടികയിലുള്ളത്. ഇതില്‍ ആര്യാടൻ മുഹമ്മദ്, പുനലൂർ മധു, പ്രതപവർമ തമ്പാൻ എന്നിവര്‍ മരിച്ചു. ശേഷിക്കുന്നവരിൽ 294 പേര്‍ വോട്ട് ചെയ്തു. സ്ഥലത്തില്ലാതിരുന്ന വി എം സുധീരനും കരകുളം കൃഷ്ണപിള്ളയും അനാരോഗ്യം കാരണം വയലാർ രവി, പി പി തങ്കച്ചന്‍, ടി എച്ച് മുസ്തഫ, കെ പി വിശ്വനാഥന്‍ എന്നീ ഒൻപതു പേരും വോട്ട് ചെയ്തില്ല.

ബലാത്സംഗ കേസില്‍ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്ന് ഒളിവിൽ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ എത്തിയില്ല. കണ്ണൂരിൽനിന്നുള്ള പ്രതിനിധി സുരേഷ് എളയാവൂരിനു പേരിലെ സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.

തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയിലുണ്ടായിരുന്ന കേരളത്തിൽനിന്നുള്ള അഞ്ച് നേതാക്കള്‍ സംസ്ഥാനത്തിനു പുറത്ത് വോട്ട് രേഖപ്പെടുത്തി. എം പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, ജോണ്‍സണ്‍ എബ്രഹാം, നെയ്യാറ്റിന്‍കര സനല്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ യഥാക്രമം ഹൈദരാബാദ്, പുതുച്ചേരി, ബെംഗളൂരു, ചെന്നൈ, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളില്‍ റിട്ടേണിങ് ഓഫീസർമായിരുന്ന ഇവർ ആ നഗരങ്ങളില്‍ വോട്ട് രേഖപ്പെടുത്തി.

മൂന്ന് തവണ തിരുവനന്തപുരം എംപിയായ ശശി തരൂർ കോണ്‍ഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി അംഗമായ തരൂര്‍ ഇന്ദിരാഭവനിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെ ബാലറ്റ് പേപ്പറുകള്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്. കേരള പ്രദേശ് റിട്ടേണിംഗ് ഓഫീസര്‍ ജി പരമേശ്വരയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ വി കെ അറിവഴകനുമായിരുന്നു.

25 വര്‍ഷത്തിനിടെ ആദ്യമായി ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രക്ഷുബ്ധമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും ഖാര്‍ഗെ തന്റെ ഇംഗ്ലീഷ്, ഹിന്ദി സന്ദേശങ്ങളിലൂടെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. വെല്ലുവിളികള്‍ നേരിടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് വേണ്ടതെന്നും തരൂര്‍ സന്ദേശത്തില്‍ പറയുന്നു. ദേശീയ നേതൃത്വത്തിലെ മൂന്ന് ഗാന്ധിമാരായ സോണിയ, രാഹുല്‍, പ്രിയങ്ക തന്റെ റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ അദ്ദേഹം അഭിനന്ദിച്ചു.

തിരഞ്ഞെടുപ്പിന്റെ വോട്ടിങ് രീതിയില്‍ മാറ്റം വരുത്തിയിയിരുന്നു. സ്ഥാനാര്‍ത്ഥിക്കു വോട്ട് ചെയ്യാന്‍ പേരിനടുത്ത് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതി. ശശി തരൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് സമിതി വോട്ടിങ് രീതി മാറ്റിയത്. 

ഖാര്‍ഗെയുടെ സീരിയല്‍ നമ്പര്‍ ‘1’ ഉം തരൂരിന്റെ ‘2’ ഉം ആയതിനാല്‍ ബാലറ്റില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിയുടെ പേരിനെതിരെ ‘1’ എന്ന് എഴുതണമെന്ന നിബന്ധന ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ ക്യാമ്പ് കഴിഞ്ഞ ദിവസം പാര്‍ട്ടി തിരഞ്ഞെടുപ്പ് അതോറിറ്റിയെ സമീപിച്ചിരുന്നു. 

മല്ലികാര്‍ജുന്‍ ഖര്‍ഗെ (80)

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസിലള്ള കര്‍ണാടകയില്‍ നിന്നുള്ള നേതാവാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ്, ഒമ്പത് തവണ എംഎല്‍എ. രണ്ട് തവണ ലോക്‌സഭാംഗം. 2014 -19ല്‍ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ്, രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍, തൊഴില്‍ മന്ത്രി എന്നീ നിലകളില്‍ ശ്രദ്ധനേടിയ നേതാവാണ്. നിലവില്‍ രാജ്യസഭാംഗം

ശശി തരൂര്‍ (66)

രാജ്യാന്തര പ്രതിഛായയുള്ള ശശി തരൂര്‍ 2009 മുതല്‍ തിരുവനന്തപുരം എംപിയാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ, മാനവശേഷി മന്ത്രാലയങ്ങളില്‍ സഹമന്ത്രിയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയില്‍ 29 വര്‍ഷം. അണ്ടര്‍ സെക്രട്ടറി ജനറല്‍ വരെയായി. 2007ല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മത്സരിച്ചു. 2009ല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍. പാര്‍ലമെന്റിലെ ഐടി സ്ഥിരം സമിതി മുന്‍ അധ്യക്ഷന്‍. നിലവില്‍ വളം, രാസവസ്തു മന്ത്രാലയ സ്ഥിരം സമിതി അധ്യക്ഷനാണ് തരൂര്‍.

പദവിക്കും അധികാരത്തിനും വേണ്ടിയല്ല മത്സരിക്കുന്നത്, പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി : ശശി തരൂര്‍

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ശശി തരൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ പങ്കുവെച്ച് ശശി തരൂര്‍. 16 ദിവസം കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. പത്ത് സംസ്ഥാനങ്ങളില്‍ നേരിട്ട് പോയി പ്രവര്‍ത്തകരെ കണ്ടു. എല്ലാവരിലേക്കും തന്റെ സന്ദേശം എത്തിയിട്ടുണ്ടെന്നും തരൂര്‍ പ്രതികരിച്ചു.

തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു, ബാക്കി വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ, തിങ്കളാഴ്ച രാവിലെ പ്രിയങ്ക ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ ഈ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതായും ശശി തരൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നിലപാട് നിക്ഷ്പക്ഷമാണെന്ന് പലവട്ടം ഗാന്ധി കുടുംബം അത് വ്യക്തമാക്കിയിട്ടുണ്ട്. അതാണ് വേണ്ടത്. 22 വര്‍ഷമായി കോണ്‍ഗ്രസില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ട്. അതുകൊണ്ടാണ് പലര്‍ക്കും നിലപാട് പരസ്യപ്പെടുത്താന്‍ ബുദ്ധിമുട്ടെന്നും അദ്ദേഹം പറഞ്ഞു. ഗസ്റ്റ് ആര്‍ട്ടിസ്റ്റ്, ട്രെയിനി എന്നൊക്കെ പലരും തന്നെക്കുറിച്ച് പറയുന്നതുകേട്ടു. അതൊക്കെ അവരുടെ അഭിപ്രായപ്രകടനമാണ്. അതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും തരൂര്‍ പറഞ്ഞു. പദവിക്കും അധികാരത്തിനും വേണ്ടിയല്ല മത്സരിക്കുന്നതെന്നു. പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടിയണെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress president election shashi tharoor mallikarjun kharge

Best of Express