ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷനെ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന് നടക്കും. തിരഞ്ഞെടുപ്പ് സമയക്രമം നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. ഒക്ടോബര്‍ 17 ന് തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒക്ടോബര്‍ 19 ന് വോട്ടെണ്ണലിന് ശേഷം ഫലം പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി അറിയിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിയുടെ പശ്ചാത്തലത്തിലാണ് യോഗം നടന്നത്. സെപ്റ്റംബര്‍ 22 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി സെപ്റ്റംബര്‍ 24 നും 30 നും ഇടയിലായിരിക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 8 ആയിരിക്കും.
മെഡിക്കല്‍ ചെക്കപ്പിനായി വിദേശത്തായതിനാല്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ ഓണ്‍ലൈനിലൂടെയാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് സിഡബ്ല്യുസി യോഗം ചേര്‍ന്നത്. ഓഗസ്റ്റ് 21 നും സെപ്റ്റംബര്‍ 20 നും ഇടയില്‍ സോണിയാ ഗാന്ധിക്ക് പകരം പുതിയ പ്രസിഡന്റിനെ പാര്‍ട്ടി തിരഞ്ഞെടുക്കേണ്ടതായിരുന്നു. നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ ജി-23 നേതാക്കളില്‍ ഉള്‍പ്പെടുന്ന ആനന്ദ് ശര്‍മ്മയും യോഗത്തില്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മധുസൂദന്‍ മിസ്ത്രി, കെ.സി വേണുഗോപാല്‍, ജയ്റാം രമേശ്, മുകുള്‍ വാസ്നിക്, പി. ചിദംബരം, അശോക് ഗെഹ്ലോത്, ഭൂപേഷ് ഭാഘേല്‍ തുടങ്ങിയവരും പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തു.