ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നരേന്ദ്ര മോദി ആലിംഗനം ചെയ്തതിനെ കളിയാക്കി കോൺഗ്രസ്. കോൺഗ്രസിന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിലാണ് മോദിയെ കളിയാക്കി കൊണ്ടുളള വിഡിയോ പോസ്റ്റ് ചെയ്തിട്ടുളളത്. ലോകനേതാക്കളെ മോദി സന്ദർശിച്ചപ്പോൾ അവരെ ആലിംഗനം ചെയ്യുന്നതിന്റെ ഫോട്ടോകൾ ചേർത്തുവച്ചാണ് വിഡിയോ തയ്യാറാക്കിയിട്ടുളളത്.

”മോദിയെ കളിയാക്കിയതിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കളിയാക്കിയ കോൺഗ്രസിന്റെ നടപടിയെ അപലപിക്കുന്നു. കോൺഗ്രസിന്റേത് തരംതാണ പ്രവൃത്തിയാണ്. അവർ ഇതിന് മാപ്പു പറയണം” കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.

”ലോകം മുഴുവൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം ഉറ്റുനോക്കുകയാണ്. ഈ അവസരത്തിൽ പ്രതിപക്ഷ പാർട്ടിയുടെ ഭാഗത്തുനിന്നുമുണ്ടായ പ്രവൃത്തി അംഗീകരിക്കാനാവാത്തതാണ്. മോദിയെ ചായ വിൽപ്പനക്കാരനെന്ന് വിളിച്ചു, ഇപ്പോൾ മോദിയെ കളിയാക്കി വിഡിയോ പുറത്തിറക്കി. രാഹുൽ ഗാന്ധി ഇതിൽ മാപ്പു പറയണം” ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു. സ്നേഹത്തിലൂടെ മാത്രമേ വിജയം നേടാൻ സാധിക്കൂവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ പറയുന്നത്. മോദിയും അതാണ് ചെയ്യുന്നത്. സ്നേഹം കൊണ്ട് ലോകത്തെ കീഴടങ്ങുകയാണ് മോദിയെന്നും ബിജെപി വക്താവ് പറഞ്ഞു.

ഇന്നലെ ഇന്ത്യാ സന്ദർശനത്തിന് ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഇസ്രായേൽ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്. പ്രോട്ടോക്കോൾ മറികടന്നാണ് മോദി ഇസ്രായേൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നേരിട്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ