ന്യൂഡൽഹി: ബിജെപി അധികാരവും ധാര്‍ഷ്ട്യവും കൈമുതലാക്കിയ കൗരവരാണെന്ന് താരതമ്യപ്പെടുത്തിയ രാഹുല്‍ഗാന്ധി തങ്ങള്‍ കോണ്‍ഗ്രസ് പാണ്ടവരെപ്പോലെ സത്യത്തിന്റെ കൂടെ നിലകൊള്ളുന്നവരാണ് എന്നും പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന എണ്‍പത്തിനാലാമത് പാര്‍ട്ടി പ്ലീനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍.

നൂറ്റാണ്ടുകള്‍ മുന്‍പ് കുരുക്ഷേത്രത്തില്‍ വലിയൊരു യുദ്ധം നടന്നിരുന്നു. കൗരവര്‍ അധികാരവും ധാര്‍ഷ്ട്യവും ഉള്ളവരായിരുന്നു. പാണ്ഡവര്‍ സത്യത്തിനുവേണ്ടി പോരാടിയവരും വിനീതരും. കൗരവരെ പോലെ ബിജെപിയും ആര്‍എസ്എസ്സും അധികാരത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. അഴിമതിക്കാരും അധികാരികളുമാണ് രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കാത്. ” എന്ന് പറഞ്ഞ രാഹുല്‍ഗാന്ധി അണികള്‍ക്ക് മുന്നിലൊരു ചോദ്യവും ഉന്നയിച്ചു. ” ഇന്ത്യ ഈ നുണ വിശ്വസിച്ച് ജീവിക്കുമോ അതോ സത്യത്തെ അഭിമുഖീകരിക്കുമോ ? ” കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആരാഞ്ഞു.

രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത് എന്നും രാഹുല്‍ ആരോപിച്ചു. ” പ്രധാനമന്ത്രി നമ്മുടെ ശ്രദ്ധ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് തിരിക്കുകയാണ്. പാര്‍ലമെന്‍റില്‍ ഗബ്ബര്‍ സിങ് ടാക്സില്‍ നിന്നും യോഗയിലേക്ക് ശ്രദ്ധ തിരിക്കും. പക്ഷെ ഒരിക്കല്‍ പോലും നമ്മള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സംസാരിക്കില്ല. പക്ഷെ അതുകൊണ്ടൊന്നും കോണ്‍ഗ്രസ് സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാതിരിക്കില്ല.

ബിജെപിയുടേത് ഒരു പാർട്ടിയുടെ മാത്രം ശബ്ദമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കോൺഗ്രസിന്റേത് രാജ്യത്തിന്റെ ശബ്ദമാണെന്നും പറഞ്ഞു.ആർഎസ്എസ് കാര്യകർത്തയാണെങ്കിൽ കൂടി കോൺഗ്രസിന്റെ ആശയങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാവുമെങ്കിൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത പാർട്ടി അധ്യക്ഷൻ, യുവാക്കൾ നേതൃ നിരയിലേക്ക് കടന്നുവരണമെന്നും ആവശ്യപ്പെട്ടു.

“കൗരവരെ പോലെ അധികാരം പിടിച്ചടക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. എന്നാൽ സത്യത്തിന്റെ വിജയത്തിനായുളള പാണ്ഡവരെപ്പോലെയാണ് കോൺഗ്രസിന്റെ പ്രവർത്തനം. നുണപറയുന്ന ബിജെപിയെയും കൊലപാതകിയായ അവരുടെ നേതാവിനെയും ജനങ്ങൾ സ്വീകരിക്കും. പക്ഷെ കോൺഗ്രസിൽ ഒരിക്കലും അത്തരക്കാരെ നേതാക്കളായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല.”

“ഇന്ത്യയുടെ മണ്ണ് കോൺഗ്രസുകാരുടെ രക്തം വീണ മണ്ണാണ്. ബിജെപിക്ക് ഇത്തരമൊരു ചരിത്രമില്ല. കോൺഗ്രസ് നേതൃത്വം നൽകിയ രണ്ടാം യുപിഎ സർക്കാരിന്റെ ഭാഗത്ത് വീഴ്ചകൾ ഉണ്ടായി. അതിനാലാണ് ജനങ്ങൾ നമ്മളെ താഴെയിറക്കിയത്.”

“വൻകിട മുതലാളിമാർക്ക് വേണ്ടിയാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയുടെ പ്രവർത്തനം. ചൈനയിൽ നിന്നുളള ഉൽപ്പന്നങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഒരു വിഷയത്തിൽ നിന്ന് വേഗത്തിൽ അടുത്ത വിഷയത്തിലേക്ക് മാറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിനും ഉത്തരം പറയാതിരിക്കാനാണ് ശ്രമിക്കുന്നത്.”

“മോദിയും ബിജെപിയും യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ല. ഇപ്പോൾ യുവാക്കൾ ചോദ്യം ചോദിച്ച് തുടങ്ങി. കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കോൺഗ്രസ് ഇതിനെ നേരിടാൻ പര്യാപ്തരാകണം. കോൺഗ്രസ് പ്രവർത്തകരും മുതിർന്ന നേതാക്കളും ഒരുമിച്ച് നിൽക്കണം.”

“പാർട്ടിയിൽ യുവാക്കൾ വരണം. ലോക സാഹചര്യത്തിൽ ഇന്ത്യയുടെ വിഷൻ മുന്നോട്ട് വയ്ക്കാൻ ശേഷിയുളള യുവാക്കൾക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം നൽകും.”

“സാമ്പത്തിക സഹായമാണ് രാജ്യത്ത് എല്ലായിടത്തും ആവശ്യം. കർഷകരുടെ ഉത്പ്പന്നങ്ങൾ അവർക്ക് നേരിട്ട് വിൽക്കാൻ സാധിക്കുന്ന വിധത്തിൽ കാർഷിക ഉത്പന്ന സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കും. കോൺഗ്രസ് തെറ്റുകൾ അംഗീകരിച്ച്, തിരുത്തി മുന്നോട്ട് പോകും. ബിജെപി അത് ചെയ്യില്ല. ഇനി മുതൽ അച്ചടക്കത്തോടെ കോൺഗ്രസ് പ്രവർത്തിക്കും,” രാഹുൽ ഗാന്ധി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ