അഹമദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ സമഗ്രവികസനം നടന്നുവെന്ന ബിജെപി വാദത്തെ കണക്കുകള്‍ നിരത്തി ഖണ്ഡിച്ച് കോണ്‍ഗ്രസ്. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ വിവരാവകാശ നിയമത്തിലൂടെ ലഭിച്ച കണക്കുകള്‍ നിരത്തിയാണ് മോദിയുടെ വികസനമെന്ന പ്രചാരണത്തെ കോണ്‍ഗ്രസ് കടന്നാക്രമിച്ചത്.

2013 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 2,718 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന് സര്‍ക്കാര്‍ രേഖകള്‍ നിരത്തിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് ഹിമാന്‍ശു പട്ടേല്‍ വിശദീകരിച്ചു. 2001 മുതല്‍ 2014 വരെ നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. ബിജെപി സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങളാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് എന്ന് പറഞ്ഞ ഹിമാന്‍ശു പട്ടേല്‍. ” മോദിയുടെ ഭരണത്തിനു കീഴില്‍ വികസനം നടന്നുവെങ്കില്‍ എന്തുകൊണ്ടാണ് ഗുജറാത്തിലെ കര്‍ഷകരുടെ മാസവരുമാനം വെറും 7,926 രൂപയായത്” എന്ന്‍ ആരാഞ്ഞ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. അതേസമയം ” പഞ്ചാബിലെ കര്‍ഷകരുടെ മാസവരുമാനം 18,059രൂപയും, ഹരിയാനയില്‍ 14,434 രൂപയും, അരുണാചല്‍ പ്രദേശില്‍ 10,869 രൂപയും, കര്‍ണാടകത്തില്‍ 8,832 രൂപയുമായിരുന്നു” എന്നും കൂട്ടിച്ചേര്‍ത്തു.

2014ലെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കര്‍ഷകര്‍ക്കായുള്ള വിളയുടെ താങ്ങുവിലയില്‍ അമ്പത് ശതമാനത്തിന്‍റെ വര്‍ദ്ധനവ് കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതായി പറഞ്ഞ ഹിമാന്‍ശു പട്ടേല്‍ നരേന്ദ്ര മോദിക്കും പാര്‍ട്ടിക്കും കര്‍ഷകരുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും പറഞ്ഞു.
” മോദി പ്രധാനമന്ത്രിയായ ശേഷം ഗുജറാത്തില്‍ മാത്രമല്ല രാജ്യമൊട്ടാകെയുള്ള കര്‍ഷകറോട് ഇതേ വാഗ്ദാനം ആവര്‍ത്തിച്ചു. ഇന്ന് രാജ്യത്തെ കര്‍ഷകരൊന്നും തന്നെ മോദിയേയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയേയും വിശ്വസിക്കുന്നില്ല. പൊതുപരിപാടികളില്‍ മോദി പ്രസംഗിക്കുന്നതൊക്കെ അദ്ദേഹത്തിന്‍റെ ഗിമ്മിക്കുകളാണ് എന്ന്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. അതൊരിക്കലും പൂര്‍ത്തീകരിക്കപ്പെടുന്ന വാഗ്ദാനങ്ങള്‍ അല്ല. ” കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

അതിനിടയില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ബിജെപി ഉയര്‍ത്തിയ വിമര്‍ശനത്തിനും കോണ്‍ഗ്രസ് മറുപടി നല്‍കി. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടക്കം ഗുജറാത്തില്‍ നിന്നുമുള്ള നാല്‍പതിനുമുകളില്‍ ബിജെപി നേതാക്കള്‍ക്ക് ക്രിമിനല്‍കേസുകള്‍ ഉണ്ട് എന്നാണു കോണ്‍ഗ്രസ് തിരിച്ചടിച്ചത്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യത്തിലാണ് എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ