ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇന്ന് പാര്‍ട്ടി സ്ഥാപക ദിനം ആചരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134-ാം സ്ഥാപക ദിനമാണിന്ന്. പാര്‍ട്ടിക്ക് നഷ്ടമായ ബഹുജനാടിത്തറ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കികൊണ്ട് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ‘ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക റാലികള്‍ നടത്തും.

Read Also: പ്രതിഷേധിക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകൂ; വിവാദ പ്രസ്താവനയുമായി മീററ്റ് എസ്‌പി

പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധി ഇന്ന് അസാം സന്ദര്‍ശിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസാമില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികള്‍ക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം വഹിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം മുതലേ ശക്തമായ എതിർപ്പാണ് കോൺഗ്രസ് ഉയർത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കോളേജുകള്‍ അടയ്ക്കാനും ടെലിഫോണ്‍, ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിക്കാനും നിരോധനാജ്ഞ പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്താനും സമാധാനപരമായ പ്രതിഷേധത്തെ തടയാനുമുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook