ന്യൂഡല്‍ഹി: ബിജെപി ഇതര പാര്‍ട്ടികളുടെ ബഹുഭൂരിപക്ഷ യോഗം ഉടന്‍ ചേരുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചതോടെ പ്രതിപക്ഷ നിരയില്‍ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി. തിങ്കളാഴ്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിയെയും കണ്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നീക്കം.
ഡല്‍ഹിയിലെ ഭരണപരമായ സേവനങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കാനുള്ള വിവാദ ഓര്‍ഡിനന്‍സിന് പകരം ബിജെപി സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുന്നതിന് സമാന ചിന്താഗതിക്കാരായ കക്ഷികളുമായി ഒത്തുപോകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് സൂചന നല്‍കി. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിച്ച് ചര്‍ച്ച നടത്തുമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.
ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ എന്‍സിടി സര്‍ക്കാരിന്റെ അധികാരത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു തീരുമാനവും എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകങ്ങളുമായും സമാന ചിന്താഗതിക്കാരായ മറ്റ് പാര്‍ട്ടികളുമായും ആലോചിച്ച ശേഷമാകും തീരുമാനം. പാര്‍ട്ടി നിയമവാഴ്ചയില്‍ വിശ്വസിക്കുന്നു, അതേസമയം, അനാവശ്യമായ ഏറ്റുമുട്ടലുകളും രാഷ്ട്രീയ വേട്ടയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ നുണകളെ അടിസ്ഥാനമാക്കിയുള്ള പ്രചാരണങ്ങളും അംഗീകരിക്കുന്നില്ല”എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസം നിരവധി പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നിതീഷ് ധരിപ്പിച്ചു. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുടെ യോഗം വിളിക്കേണ്ട സമയമാണിതെന്ന് നേതാക്കള്‍ സമ്മതിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെക്കുറിച്ച് ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. യോഗത്തിന്റെ തീയതിയും സ്ഥലവും ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനിക്കും. ബഹുഭൂരിപക്ഷം പാര്‍ട്ടികളും പങ്കെടുക്കും,” വേണുഗോപാല്‍ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പട്നയില്‍ യോഗം ചേരണമെന്നാണ് നിതീഷിന്റെ ആഗ്രഹമെങ്കിലും വേദിയും തീയതിയും മറ്റെല്ലാ നേതാക്കളുടെയും സൗകര്യത്തിനനുസരിച്ച് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ചില നേതാക്കള്‍ വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണ്, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒമ്പത് ദിവസത്തെ യാത്രയ്ക്കായി സിംഗപ്പൂരിലേക്കും ജപ്പാനിലേക്കും ചൊവ്വാഴ്ച പുറപ്പെടും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും അടുത്തയാഴ്ച വിദേശത്തേക്ക് പോകും. മെയ് 28 ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനും ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യാനും രാഹുല്‍ ഗാന്ധി യുഎസിലേക്ക് പോകും.
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് നിതീഷ് കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. ഓര്‍ഡിനന്‍സിനെച്ചൊല്ലി കേന്ദ്രവുമായുള്ള തര്‍ക്കത്തില്‍ കെജ്രിവാളിനെ പിന്തുണച്ച നിതീഷ്, ഭരണഘടനയെ നേട്ടത്തിനായി മാറ്റുന്നതില്‍ നിന്ന് കേന്ദ്രത്തെ തടയാന്‍ എല്ലാ പാര്‍ട്ടികളും ഒന്നിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു.
”ഇപ്പോള്‍ രാജ്യം ഒരുമിക്കും. ജനാധിപത്യത്തിന്റെ ശക്തിയാണ് നമ്മുടെ സന്ദേശം. രാഹുലും ഞാനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുകയും രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു,” മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു. നിതീഷിനൊപ്പം ജെഡിയു അധ്യക്ഷന്‍ ലാലന്‍ സിംഗും ഉണ്ടായിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാനായില്ല.
കഴിഞ്ഞ മാസം ഖാര്‍ഗെയെയും രാഹുലിനെയും കണ്ടതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി നിതീഷ് കൂടിക്കാഴ്ച നടത്തി. ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിതീഷ്, തേജസ്വി, സോറന്‍, പവാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള എന്നിവരും പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് ശക്തികാണിച്ച് പങ്കെടുത്തു. കെജ്രിവാളും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും ഉള്‍പ്പെടെയുള്ള ചില പ്രാദേശിക നേതാക്കളെ ക്ഷണിച്ചില്ലെങ്കിലും അവരെയും ഒപ്പം ചേര്‍ക്കാനാണ് നിതീഷ് കുമാര്‍ ശ്രമിക്കുന്നത്.