ലക്‌നൗ: അലഹബാദ് ജില്ലയുടെ പേര് ‘പ്രയാഗ്‍രാജ്’ എന്നാക്കി മാറ്റാനുളള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. സ്വാതന്ത്ര്യസമര കാലം മുതല്‍ ഇന്ത്യയ്ക്കായി പ്രബലമായ പങ്ക് വഹിക്കുന്ന അലഹബാദിന്റെ പേര് മാറ്റുന്നത് ചരിത്രപ്രാധാന്യത്തെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കുംഭ മേള നടക്കുന്ന പ്രദേശത്തിന് പ്രയാഗ്‍രാജ് എന്ന വിളിപ്പേരുണ്ടെന്നും വേണമെങ്കില്‍ പ്രയാഗ്‌രാജ് എന്ന പേരില്‍ അതിനെ ഒരു നഗരമാക്കി പ്രഖ്യാപിക്കാമെന്നും കോണ്‍ഗ്രസ് വക്താവ് ഓംകാര്‍ സിങ് വ്യക്തമാക്കി.

‘സ്വാതന്ത്രസമര കാലം മുതല്‍ അലഹബാദ് ഇന്ത്യയ്ക്ക് നല്‍കിയ സംഭാവന വളരെ വലുതാണ്. ഈ നഗരമാണ് ഇന്ത്യക്ക് ആദ്യത്തെ പ്രധാനമന്ത്രിയെ സമ്മാനിച്ചത്. കൂടാതെ അലഹബാദ് സര്‍വ്വകലാശാല പ്രയാഗ്‍രാജ് സര്‍വ്വകലാശാല എന്നാക്കി മാറ്റിയാല്‍ അതിന്റെ സ്വത്വം തന്നെ ഇല്ലാതാക്കും,’ കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

കുംഭമേളയോട് അനുബന്ധിച്ചായിരുന്നു അലഹബാദിന്റെ പേര് മാറ്റുമെന്ന് ആദിത്യനാഥ് പറഞ്ഞത്. സര്‍ക്യൂട്ട് ഹൗസില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കുംഭ മേളയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് അഖദ പരിഷദും മറ്റുളളവരും അലഹബാദ് ജില്ലയുടെ പേര് മാറ്റണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. യുപി ഗവര്‍ണര്‍ രാംനാഥ് കോവിന്ദും ഈയൊരു ശുപാര്‍ശയ്ക്ക് സമ്മതം മൂളിയിട്ടുണ്ട്,’ ആദിത്യനാഥ് വ്യക്തമാക്കി.

‘ഞങ്ങളും ഈ ശുപാര്‍ശയെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അലഹബാദ് ജില്ലയുടെ പേര് താമസിയാതെ പ്രയാഗ്‍രാജ് എന്നായി തിരുത്തും. അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ആകുമെന്നാണ് വിവരം. കുംഭ മേളയുടെ ഭാഗമായി സംസ്ഥാനത്ത് ബാക്കി നടത്താനുളള എല്ലാ ഒരുക്കങ്ങളും പദ്ധതികളും ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. നേരത്തെ ഉത്തര്‍പ്രദേശിലെ മുഗള്‍സാരായ് റെയിൽവേ ജംങ്ഷൻ ദീന്‍ധയാല്‍ ഉപാധ്യയാ ജംങ്ഷനാക്കി മാറ്റിയത് വിവാദമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ