അഹമ്മദാബാദ്: ഗുജറാത്തിലെ പാട്ടീദാർ വിഭാഗത്തിന്‌ ഇ.ബി.സി സംവരണം നല്‍കുമെന്ന്‌ ഉറപ്പ് നല്‍കി കോണ്‍ഗ്രസ്. പാര്‍ട്ടി ഗുജറാത്ത്​ അധ്യക്ഷൻ ഭാരത് സിൻഹ് സോളങ്കി ഹിന്ദുസ്ഥാൻ ടൈംസിന്​ നൽകിയ അഭിമുഖത്തിലാണ് ​സംവരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിനുള്ള സംവരണം സംബന്ധിച്ച് കോണ്‍ഗ്രസ് മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹര്‍ദിക് പട്ടേല്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുളള ഇ.ബി.സി വിഭാഗത്തില്‍പ്പെടുത്തി ഗുജറാത്തിലെ പാട്ടീദാർ സമുദായത്തിന് സംവരണം നൽകാമെന്നാണ്​ കോൺഗ്രസ്​ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാനത്തോടെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പട്ടേല്‍ വിഭാഗത്തിന്‍റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

പട്ടിദാര്‍ വിഭാഗത്തിന് ഒബിസി സംവരണം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് പട്ടേല്‍ സമര നായകന്‍ ഹാര്‍ദിക് പട്ടേലിന് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ദളിത് നേതാവ് അല്‍പേഷ് താക്കൂര്‍ പട്ടേല്‍ വിഭാഗത്തിന് ഒബിസി സംവരണം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, ഇരു വിഭാഗത്തെയും തൃപ്തിപെടുത്തുന്ന തീരുമാനമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തിന് സര്‍ക്കാര്‍ ജോലികളില്‍ ഒബിസി സംവരണം കോണ്‍ഗ്രസ് ഉറപ്പ് നല്‍യിട്ടുണ്ടെന്നും പക്ഷേ ഭരണഘടനാപരമായി ഇത് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഏത് തരത്തിലാണ് പ്രവര്‍ത്തിക്കുക എന്ന് അറിയേണ്ടതുണ്ടെന്ന് ഹര്‍ദിക് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ള പിന്തുണക്കാര്യത്തില്‍ മറ്റു തടസ്സങ്ങളിലെന്നും ഹര്‍ദിക് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ