മുംബൈ: മഹാരാഷ്ട്ര സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍നിന്ന് ബിജെപി പിന്മാറിയതോടെ മഹാവികാസ് അഘാഡി സ്ഥാനാര്‍ഥി നാനാ പട്ടോലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുറാദ് എം‌എൽ‌എ കിസാൻ കാതോറായിരുന്നു ബിജെപിയുടെ സ്ഥാനാർഥി. ഇദ്ദേഹം പിന്നീട് പിന്മാറുകയായിരുന്നു.

“സ്പീക്കർ സ്ഥാനത്തേക്ക് കിസാൻ കാതോറിനെ ബിജെപി നാമനിർദേശം ചെയ്തു. എന്നാൽ,  അധികൃതരുടെ അഭ്യർത്ഥനയ്ക്ക് ശേഷം, കാതോറിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്നാരോപിച്ച് വിശ്വാസവോട്ടെടുപ്പിനിടെ കഴിഞ്ഞദിവസം ബിജെപി സഭ ബഹിഷ്‌കരിച്ചിരുന്നു.

Read More: മഹാരാഷ്ട്ര: പരീക്ഷ ജയിച്ച് ഉദ്ധവ്; വിശ്വാസ വോട്ടെടുപ്പിൽ ശിവസേനയ്ക്ക് വിജയം

കോൺഗ്രസ് ടിക്കറ്റിൽ പട്ടോലെ 1999 ലും 2004ലും സകോലിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം എൻസിപിയുടെ പ്രഫുൽ പട്ടേലിനോട് പരാജയപ്പെട്ടു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച പട്ടോലെ പ്രഫുൽ പട്ടേലിനെ 1.49 ലക്ഷം വോട്ടിന് പരാജയപ്പെടുത്തി. എന്നാൽ, കേന്ദ്ര, സംസ്ഥാന തലങ്ങളിൽ പാർട്ടിയെ വിമർശിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് ബിജെപി വിടേണ്ടി വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി വിമർശിച്ച് കോൺഗ്രസിലേക്ക് മടങ്ങിയ ആദ്യത്തെ ബിജെപി എംപിയായിരുന്നു അദ്ദേഹം. ഈ വർഷം ആദ്യം അദ്ദേഹം നാഗ്പൂരിൽ നിന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ നിതിൻ ഗഡ്കരിയോട് മത്സരിച്ച് പരാജയപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുത്ത സഹായിയായ ബിജെപിയുടെ പരിണയ് ഫുക്കെയെ അദ്ദേഹം പരാജയപ്പെടുത്തി.

സ്പീക്കറായി പട്ടോൽ തെരഞ്ഞെടുക്കപ്പെട്ടതോടെ എൻ‌സി‌പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനുള്ള വഴി എളുപ്പമാക്കി. എൻ‌സി‌പി നേതാക്കളായ ജയന്ത് പാട്ടീൽ, അജിത് പവാർ എന്നിവരാണ് ഈ സ്ഥാനത്തേക്കുള്ള മുൻ‌നിരക്കാർ.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സർക്കാർ ശനിയാഴ്ചയാണ് വിശ്വാസ വോട്ട് നേടി. 169 പേരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യത്തിന് ലഭിച്ചത്. അതേസമയം, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സഭാ നടപടിക്രമങ്ങള്‍ക്കിടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു ബിജെപി എംഎല്‍മാരെയും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രോ ടൈം സ്പീക്കര്‍ ശാസിച്ചു. ഇതേ തുടർന്നായിരുന്നു ബഹിഷ്കരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook