ന്യൂഡൽഹി: ലോക്‌സഭയ്‌ക്കു പുറത്ത് കോൺഗ്രസ് പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് എംപിമാർ പ്രതിഷേധിക്കുന്നത്. ലോക്‌സഭയിൽ ഏഴ് കോൺഗ്രസ് എംപിമാരെ ഇന്നലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് നേതാക്കൾ ഇന്നു പ്രതിഷേധിച്ചത്. ഗാന്ധി പ്രതിമക്കു മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. വടക്കു കിഴക്കൻ ഡൽഹിയിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്‌ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഉച്ചയ്‌ക്ക് രണ്ടുവരെ സഭ പിരിഞ്ഞിരിക്കുകയാണ്.
Read Also: സ്വർണവില റെക്കോർഡ് ഉയരത്തിൽ, പവന് 32,000 കടന്നു; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്
പാർലമെന്റിൽ കഴിഞ്ഞ ദിവസമുണ്ടായ ബഹളത്തെ തുടർന്നാണ് കോൺഗ്രസ് എംപിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള നാലുപേരടക്കം ഏഴ് എംപിമാരെ ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നീ കേരള എംപിമാർക്കൊപ്പം ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജ്‌ല എന്നിവരെയുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈ സമ്മേളനകാലം അവസാനിക്കുന്നത് വരെയാണ് സസ്‌പെൻഷൻ.
Read Also: പ്രളയം തളർത്താത്ത കുതിപ്പ്; വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്
ഡൽഹി കലാപത്തിന്റ പശ്ചാത്തലത്തിൽ വലിയ പ്രതിഷേധങ്ങളാണ് കോൺഗ്രസ് ലോക്‌സഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടയിൽ സ്‌പീക്കറുടെ നേർക്ക് കടലാസ് കീറിയെറിഞ്ഞതിനാണ് ഏഴ് എംപിമാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.