കൊൽക്കത്ത: ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ കോൺഗ്രസ് എംപി ശശി തരൂർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കൊൽക്കത്ത കോടതി. ഓഗസ്റ്റ് 14 ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് കോടതിയുടെ നിർദ്ദേശം. തരൂരിന്റെ പ്രസ്താവന മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ സുമീത് ചൗധരിയാണ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ വച്ചാണ് ശശി തരൂർ ഹിന്ദു പാക്കിസ്ഥാൻ പരാമർശം നടത്തിയത്. ‘ 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാൻ’ ആയി മാറും. അവര്‍ വീണ്ടും വിജയിക്കുകയാണെങ്കില്‍ ജനാധിപത്യ മൂല്യങ്ങള്‍ ചവിട്ടിമെതിച്ച് അസഹിഷ്ണുത നിറഞ്ഞ പുതിയ ഭരണഘടന എഴുതിച്ചേര്‍ക്കും. നമ്മള്‍ മനസ്സിലാക്കി വച്ച ഭരണഘടനയ്ക്ക് പിന്നെ അതിജീവനം ഉണ്ടാവില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ടും’, ശശി തരൂര്‍ പറഞ്ഞു.

പരാമർശത്തിൽ​ ശശി തരൂർ മാപ്പു പറയമണെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. എന്നാൽ ശശി തരൂർ അതിന് തയ്യാറായില്ല. ഹിന്ദു രാഷ്ട്ര ആശയത്തിൽ ബിജെപി വിശ്വസിക്കുന്നില്ലെങ്കിൽ അവർ ആൾക്കൂട്ടത്തിനു മുന്നിൽ തുറന്നു പറയണമെന്നും അത് വിവാദം അവസാനിപ്പിക്കുമെന്നുമായിരുന്നു വിവാദങ്ങളോടുളള തരൂരിന്റെ മറുപടി.

ശശി തരൂരിന്റെ ‘ഹിന്ദു പാക്കിസ്ഥാന്‍’ വിവാദ പ്രസ്താവനക്ക് പിന്നാലെ എല്ലാ നേതാക്കളും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് കോണ്‍ഗ്രസ് നൽകിയിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും അന്തരീക്ഷമുണ്ടാക്കിയത് ബിജെപിയാണ്. എന്നാല്‍ ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളായ ബഹുസ്വരതയും വൈവിധ്യവും, മതങ്ങളും വംശങ്ങളും തമ്മിലുള്ള ഐക്യവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും നമ്മളില്‍ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും മനസിലാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook