ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീണ കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകൾ പറയുന്നത്.
പഞ്ചാബിലെ ജലന്ധറിൽനിന്നുള്ള ലോക്സഭാ പ്രതിനിധിയാണ് സന്ദോഖ്. ഫില്ലൗറിലൂടെ കടന്നുപോകുകയായിരുന്ന യാത്രയിൽ പങ്കെടുക്കുന്നതിനിടെയാണു സംഭവം. രാഹുലിനൊപ്പം കുഷ്ത് ആശ്രമത്തിൽനിന്ന് പുറത്തേക്ക് വന്നപ്പോഴാണ് സന്ദോഖ് കുഴഞ്ഞുവീണത്. ഉടൻ ഫഗ്വാരയിലെ വിർക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സന്ദോഖ് സിങ്ങിന്റെ മകൻ വിക്രംജിത് സിങ് ചൗധരിയാണ് നിലവിൽ പഞ്ചാബ് നിയമസഭയിൽ ഫില്ലൗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ സന്ദോഖ് സിങ് വിജയിച്ചിരുന്നു.
സന്ദോഖ് സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് യാത്ര താത്കാലികമായി നിര്‍ത്തി വച്ചു. രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി സന്ദോഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. “ജലന്ധറിൽ നിന്നുള്ള കോൺഗ്രസ് പാർലമെന്റ് അംഗം സന്ദോഖ് സിങ് ചൗധരിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. ദൈവം അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി നൽകട്ടെ, ” മാന്‍ കുറിച്ചു.
സന്ദോഖ് സിങ് പാർലമെന്റിൽ എപ്പോഴും അച്ചടക്കം പാലിച്ചിരുന്നുവെന്നും പൊതുജനങ്ങളുടെ കാര്യത്തില്‍ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു.