ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തളളിയ രാജ്യസഭാ അധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ കോൺഗ്രസ് എംപിമാർ സുപ്രീം കോടതിയെ സമീപിച്ചു. ഈ പരാതി അടിയന്തിരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വറിനോട് പരാതിക്കാർ അഭ്യർത്ഥിച്ചു.

പഞ്ചാബിൽ നിന്നുളള​ പ്രതാപ് സിങ് ബാജ്‌വാ, ഗുജറാത്തിൽ നിന്നുളള അമീ ഹർഷാദ്രെ യാഞ്ജനിക് എന്നീ രാജ്യസഭാംഗങ്ങളാണ് പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി, ഏകപക്ഷീയമായാണ് ഇംപീച്ച്മെന്റിനുളള​ പ്രതിപക്ഷ പ്രമേയം ഉപരാഷ്ട്രപതി തളളിയതെന്ന് അവർ പരാതിയിൽ​ പറയുന്നു.

ഏപ്രിൽ 24 നാണ് 71 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തളളിയത്. ഏ​ഴ് പ്രതിപക്ഷ പാർട്ടികളിൽപ്പെട്ട എംപിമാരാണ് ഇംപീച്ച്മെന്റ് നോട്ടീസിൽ ഒപ്പിട്ടിരുന്നത്.

പ്രധാനമായി രണ്ട് കാരണങ്ങൾ​ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തളളിയത്. ചീഫ് ജസ്റ്റിസിനെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയ ശേഷം നോട്ടീസിനെക്കുറിച്ച് എംപിമാര്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണെന്നുമാണ് നോട്ടീസ് തള്ളിയതിന് കാരണമായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടിയത്.

ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ അന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഈ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook