ബെംഗളൂരു: രാഷ്ട്രീയ നാടകം തുടരുന്ന കര്‍ണാടകയിലെ ജെഡിഎസ്- കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. നേരത്തേ എംഎല്‍എമാര്‍ കേരളത്തിലേക്കെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഇവരെ ഹൈദരാബാദിലെ റിസോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരേയും ജെഡിഎസ് എംഎല്‍എമാരേയും വ്യത്യസ്ത ഹോട്ടലുകളിലാണ് പാര്‍പ്പിക്കുന്നത്.

എംഎല്‍എമാരെ കൊച്ചിയിലെ ഹോട്ടലുകളില്‍ പാര്‍പ്പിക്കാനാണ് കൊണ്ടു വരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. കുതിരക്കച്ചവടമുണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് ബെംഗളൂരുവിലെ റിസോർട്ടിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് – ജനതാദൾ (എസ്) എംഎൽഎമാരെ കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലെത്തിക്കുമെന്നായിരുന്നു വിവരം. എംഎൽഎമാരെ റോഡ് മാർഗം കേരളത്തിൽ എത്തിക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ കൂടുതൽ പൊലീസിനെയും സർക്കാർ വിന്യസിച്ചിരുന്നു. എംഎല്‍എമാര്‍ ഹൈദരാബാദിലെത്തിയതോടെ സുരക്ഷ പിന്‍വലിച്ചു.

എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നത് തടയുന്നതിന് വേണ്ടിയാണിത്. വ്യോമമാർഗം പോകാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് ബസിൽ റോഡ് മാർഗമാണ് എംഎൽഎമാരെ കൊണ്ടുപോയത്.

താമസിച്ചിരുന്ന റിസോർട്ടിൽ നിന്ന് എംഎൽഎമാരെ വഹിച്ചു കൊണ്ടു ബസുകൾ രാത്രി തന്നെ പുറപ്പെട്ടിരുന്നു. പുതുച്ചേരിയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ജനതാദൾ സംസ്ഥാന അദ്ധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി നേരത്ത പറഞ്ഞിരുന്നത്. എങ്ങോട്ടാണ് എംഎല്‍എമാര്‍ പോകുന്നതെന്ന സൂചന ലഭിക്കാതിരിക്കാനാണ് കുമാരസ്വാമിയുടെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ