/indian-express-malayalam/media/media_files/uploads/2019/03/divya-maderna.jpg)
ജയ്‌പൂർ: കസേരയിൽ തനിക്ക് സമീപത്തായി ഇരുന്ന സ്ത്രീയോട് നിലത്ത് ഇരിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ. രാജസ്ഥാനിലെ ഒസിയാനിൽനിന്നുളള എംഎൽഎയായ ദിവ്യ മഡേണയാണ് വിവാദത്തിൽ അകപ്പെട്ടത്. മാർച്ച് 16 ന് തന്റെ നിയോജക മണ്ഡലമായ ഒസിയാനിലെ ഖേട്സർ ഗ്രാമത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
ഖേട്സർ ഗ്രാമ മുഖ്യ ചന്ദു ദേവി എംഎൽഎയുടെ സമീപത്തായി കസേരയിൽ വന്നിരുന്നു. ഇതു കണ്ട എംഎൽഎ അവരോട് മറ്റുളളവർക്കൊപ്പം നിലത്തിരിക്കാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ചന്ദു ദേവി അവിടെനിന്നും എഴുന്നേറ്റ് പോയി നിലത്തിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്.
''ചന്ദു സാധാരണ നിലത്താണ് ഇരിക്കാറുളളത്. അവൾ ഗ്രാമ മുഖ്യയായതിനാൽ അവിടെ ഉണ്ടായിരുന്നവർ എംഎൽഎയുടെ അടുത്ത് പോയിരിക്കാൻ ആവശ്യപ്പെട്ടു. അതിനാലാണ് അവൾ എംഎൽഎയുടെ അടുത്ത് പോയിരുന്നത്. പക്ഷേ എംഎൽഎ അവളോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. അതിനാലാണ് അവൾ അവിടെ നിന്നും മാറി ഗ്രാമത്തിലെ ജനങ്ങൾക്കൊപ്പം നിലത്തിരുന്നത്,'' ചന്ദു ദേവിയുടെ ഭർത്താവ് രൂപാരൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
''ഗ്രാമത്തിൽ ആദ്യമായിട്ട് എത്തിയ എംഎൽഎയോട് അനാദരവ് കാട്ടാൻ അവൾ ആഗ്രഹിച്ചില്ല. അവളൊരു സാധാരണ സ്ത്രീയാണ്, പ്രതിഷേധിക്കാൻ അവൾക്ക് താൽപര്യമില്ല,'' രൂപാരം പറഞ്ഞു.
ओसियां विधायक #divyamaderna एक बार फिर चर्चा में, महिला सरपंच को कुर्सी से उठा कर जमीन पर बैठाने का वीडियो हुआ वायरल pic.twitter.com/qDMUjO8oau
— Rajasthan patrika (@rpbreakingnews) March 17, 2019
അതേസമയം, സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കോൺഗ്രസ് എംഎൽഎ മറുപടിയുമായി രംഗത്തെത്തി. കോൺഗ്രസ് സഭയിൽ പങ്കെടുക്കാനാണ് താൻ പോയതെന്നും ആ സ്ത്രീ ബിജെപി പ്രവർത്തകയാണെന്നുമാണ് എംഎൽഎ പറഞ്ഞത്. ഒസിയാനിൽ ബിജെപി സിറ്റിങ് എംഎൽഎയായിരുന്ന ഭേര റാം ചൗധരിയെയാണ് മഡേണ പരാജയപ്പെടുത്തിയത്. ഭൻവാരി കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാവ് മഹിപാൽ മഡേണയുടെ മകളാണ് ദിവ്യ മഡേണ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.