റായ്ബറേലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുളള വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്. അഞ്ച് വട്ടം റായ്ബറേലി എംഎല്‍എയായിരുന്ന അഖിലേഷ് സിങ്ങിന്റെ മകളായ അദിതിയെ രാഹുല്‍ വിവാഹം കഴിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. മെയ് മാസം വിവാഹമുണ്ടാകുമെന്നും വ്യാജ പ്രചരണമുണ്ടായിരുന്നു.
എന്നാല്‍ വ്യാജ വാര്‍ത്തകള്‍ തന്നെ അസ്വസ്ഥതയാക്കിയെന്നും രാഹുല്‍ തന്റെ രാഖി സഹോദരനാണമെന്നും സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും അദിതി സിങ് ന്യൂസ് 18 നോട് പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ അടുത്ത സുഹൃത്ത് കൂടിയായ അദിതിയും രാഹുലും ഒരുമിച്ചുള്ള ചിത്രങ്ങളും സോണിയാ ഗാന്ധിക്ക് ഒപ്പമുളള അദിതിയുടെ ചിത്രങ്ങളുമാണ് പ്രചരണങ്ങള്‍ക്ക് പിന്നില്‍. റായ്ബറേലിയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച വാര്‍ത്ത പിന്നീട് എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു.
അദിതി സിങ് 90,000 പരം വോട്ടിന്റെ മാര്‍ജിനിലാണ് റായ്ബറേലിയില്‍ നിന്നും വിജയിച്ചത്. അമേരിക്കയില്‍ നിന്നുള്ള ഡ്യൂക്ക് സര്‍വകലാശാലയില്‍ നിന്നും മാനേജ്മെന്റ് സ്റ്റഡീസില്‍ ബിരുദമുണ്ട് അദിതിയ്ക്ക്.