പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസും സഖ്യം രൂപീകരിച്ച് ജനവിധി തേടും. ഇടതുമുന്നണിയുമായുള്ള സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി അംഗീകാരം നൽകിയതായി പാർട്ടി സംസ്ഥാന മേധാവി ആദിർ രഞ്ജൻ ചൗധരി പറഞ്ഞു.

ബിജെപിക്കും സംസ്ഥാന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും എതിരെ പോരാടാൻ ഇടതുമുന്നണിയും കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാമെന്ന് ഒക്ടോബറിൽ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു.

നവംബറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദിർ രഞ്ജൻ ചൗധരിയുമായും മറ്റ് ചില സംസ്ഥാന നേതാക്കളുമായു നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയായിരുന്നു. ഇതിന് ശേഷം ഇടക്കാല കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സഖ്യ രൂപീകരണത്തിന് അംഗീകാരം നൽകുകയും ചെയ്തു. തുടർന്ന് പാർട്ടി ഇടതുമുന്നണിയുമായി സീറ്റ് പങ്കിടൽ ചർച്ച ആരംഭിക്കുമെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

Read More: അസമിലെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് നിർണായകമാവുന്നതെങ്ങനെ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുമ്പുള്ള സീറ്റ് പങ്കിടൽ ചർച്ചകൾ ഇരുപക്ഷത്തിനും ഗുണകരമായ തരത്തിലേക്ക് വികസിച്ചിരുന്നില്ല. ഇത് സംബന്ധിച്ച ചർച്ചകളിൽ ധാരണയിലെത്തുന്നതിൽ ഇരു പക്ഷവും പരാജയപ്പെട്ടിരുന്നു. കൂടുതൽ സീറ്റുകൾ നേടി കോൺഗ്രസ് രണ്ട് തവണയും നേട്ടം കൊയ്യുകയും ചെയ്തിരുന്നു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാതെ ഇടതുമുന്നണി പരാജയപ്പെട്ടു. 39 നിയോജകമണ്ഡലങ്ങളിൽ കെട്ടിവച്ച കാശ് പോവുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് രണ്ട് സീറ്റുകൾ നേടി. 38 നിയോജകമണ്ഡലങ്ങളിൽ കെട്ടിവച്ച കാശ് പോയി. മറുവശത്ത്, 42 ലോക്സഭാ സീറ്റുകളിൽ 18 എണ്ണത്തിൽ ബിജെപി വിജയിച്ചു. ടിഎംസി 22 സീറ്റുകളായിരുന്നു നേടിയത്.

2016 ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും കോൺഗ്രസും ചേർന്ന് പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ 76 എണ്ണവും നേടി. 38 ശതമാനം വോട്ടായിരുന്നു അന്ന് നേടിയത്. ഇടതുമുന്നണിക്ക് 26 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 12 ശതമാനം മാത്രമാണ്. ഇത്രയും കുറഞ്ഞ വോട്ട് ശതമാനം ആയിരുന്നിട്ടും കോൺഗ്രസ് 44 സീറ്റുകൾ നേടി.

കഴിഞ്ഞ മാസം നടന്ന യോഗത്തിൽ പ്രദേശ് കോൺഗ്രസ് നേതാക്കൾ ഐക്യകണ്‌ഠേന സഖ്യത്തിന് വേണ്ടി വാദിച്ചിരുന്നു. ബീഹാർ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ തിരിച്ചടിയെത്തുടർന്ന് സഖ്യരൂപീകരണം ഉറപ്പിക്കുന്നതിനുള്ള ചർച്ചകൾ വൈകി. 2019 ൽ ബംഗാളിലെ പാർട്ടിയുടെ വോട്ട് വിഹിതം 6.29 ശതമാനമായി കുറഞ്ഞത് കോൺഗ്രസ് ഹൈക്കമാൻഡ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2019 ൽ ബിജെപിയുടെ വോട്ടുകൾ 40 ശതമാനവും തൃണമൂൽ കോൺഗ്രസിന്റേത് 43 ശതമാനവുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook