ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്സിന് ജയം. കോൺഗ്രസ് സ്ഥാനാർഥി നിലാംഷു ചതുർവേദി 14,133 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ശങ്കർ ദയാൽ ത്രിപാഠിയെ പിന്തള്ളിയത്. ചതുര്‍വേദിക്ക് 68,810 വോട്ടുകളും ത്രിപാഠിക്ക് 52,677 വോട്ടുകളുമാണ് ലഭിച്ചത്.

സിറ്റിംഗ് കോൺഗ്രസ് എം എൽ എ പ്രേം സിംഗ് (65) അന്തരിച്ചതിനെ തുടർന്നാണ് ഉത്തർ പ്രാദേശിനോട് ചേർന്ന് കിടക്കുന്ന ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടണ്ണലിന്‍റെ ആദ്യ റൗണ്ട് മുതൽ കോണ്‍ഗ്രസിന് വ്യക്തമായ മുൻതൂക്കമായിരുന്നു പ്രകടമായത്. ഒൻപത് സ്വതന്ത്രർ അടക്കം 12 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. നവംബർ ഒൻപതിനായിരുന്ന ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടപ്പില്‍ 65% പോളിംഗ് നടന്നിരുന്നു.

998, 2003, 2013 തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിലെ പ്രേം സിംഗ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ 2008-ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഇവിടെ തോൽവി രുചിച്ചു. ബി.ജെ.പിയിലെ സുരേന്ദ്ര സിംഗ് ഗഹാവര്‍ ആണ് പ്രേം സിംഗിനെ അന്ന് വെറും 722 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. മണ്ഡലം തിരിച്ചുപിടിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ ഭഗീരഥപ്രയത്നങ്ങളെ പൊളിച്ചാണ് കോണ്‍ഗ്രസിന്റെ വിജയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ