ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിയുടെ 34-ാം രക്തസാക്ഷി ദിനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ ഇന്ദിരാ ഗാന്ധിയുടെ സ്മൃതി മണ്ഡപമായ ശക്തിസ്ഥാനിലെത്തി ആദരം അർപ്പിച്ചു.

ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി, ഇന്ത്യയുടെ ഉരുക്ക് വനിത, നെഹ്‌റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തി തുടങ്ങി ഒട്ടനവധി വിശേഷണങ്ങളുണ്ട് ഇന്ദിരാ ഗാന്ധിക്ക്. 1984 ഒക്ടോബർ 31 ന് സുരക്ഷാഭടന്മാരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്.

മുത്തശ്ശിയെ അതിയായ സന്തോഷത്തോട് കൂടി സ്മരിക്കുന്നു. എന്നെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചതും, സ്നേഹിച്ചതും മുത്തശ്ശിയാണ്. രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച മുത്തശ്ശിയെ ഓർത്ത് അഭിമാനിക്കുന്നെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ദിരാ ഗാന്ധിക്ക് ആദരമർപ്പിച്ചു. ഇന്ദിരാഗാന്ധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ താൻ കോൺഗ്രസിലായിരിക്കുമെന്ന് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ എൻഡിടിവിക്ക് നൽകിയിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

ജവഹർലാൽ നെഹ്‌റുവിന്റെയും കമല നെഹ്‌റുവിന്റെയും മകളായാണ് ഇന്ദിരാ ഗാന്ധി ജനിച്ചത്. ഫിറോസ് ഗാന്ധിയാണ് ഇന്ദിരയുടെ ഭർത്താവ്. രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നീ രണ്ടു മക്കളാണ് ഇവർക്കുളളത്.

ഇന്ദിരാ ഗാന്ധിയുടെ മരണശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ  രാജീവ് ഗാന്ധിയാണ് ​ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി.  40-ാം വയസ്സിൽ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 1991ൽ ശ്രീപെരുമ്പത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽടിടിഇ തീവ്രവാദികളുടെ ചാവേർ ബോംബ് സ്ഫോടനത്തിലാണ്  രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.

ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ പിൻഗാമിയായി രാഷ്ട്രീയ വൃത്തങ്ങൾ പരിഗണിച്ചിരുന്നത് ഇളയ മകൻ സഞ്ജയ് ഗാന്ധിയെ ആയിരുന്നു. എന്നാൽ 1980ൽ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി മരണമടഞ്ഞു.

1959ൽ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവിയിലെത്തിയിരുന്നു ഇന്ദിരാ ഗാന്ധി. 1964ൽ പിതാവ് നെഹ്‌റുവിന്റെ മരണത്തെതുടർന്ന് പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിയുടെ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിലെത്തിയ ഇന്ദിരാ ഗാന്ധി പിന്നീട് ശാസ്ത്രിയുടെ മരണത്തെ തുടർന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി നേരിടുന്നെന്ന് ആരോപിച്ച് 1975 ജൂൺ 25ന് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിഴൽ വീഴ്ത്തി. അടിയന്തരാവസ്ഥയിൽ പൗരാവകാശം റദ്ദാക്കി, പത്രമാധ്യമങ്ങൾക്ക് സെൻസർഷിപ്​​ ഏർപ്പെടുത്തി, രാജ്യത്ത് ഒട്ടനവധി അറസ്റ്റുകൾ നടന്നു.

ഖാലിസ്ഥാൻ വാദികളെ  ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന പേരിൽ സുവർണ്ണക്ഷേത്രത്തിൽ വച്ച്  വധിക്കാൻ നേതൃത്വം നൽകിയതിലെ അനിഷ്ടമാണ് സിഖ് വംശജരായ സുരക്ഷാഭടന്മാർ ഇന്ദിരയെ വെടിവയ്ക്കാൻ കാരണമെന്ന് കരുതപ്പെടുന്നു.

ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം, ബംഗ്ലാദേശ് വിമോചനം തുടങ്ങിയവ ഇന്ദിരാ ഗാന്ധിയുടെ കരുത്ത് തെളിയിച്ച സംഭവങ്ങളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1999 ബിബിസി നടത്തിയ വോട്ടെടുപ്പിൽ ഇന്ദിരയെ “നുറ്റാണ്ടിന്റെ വനിത” എന്ന് വിശേഷിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook