ബംഗളൂരു: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി വെറുപ്പും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന പ്രതിപക്ഷത്തെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
‘വെറുപ്പും വിദ്വേഷപരവുമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും അറിഞ്ഞുകൊണ്ട് തെറ്റായ പ്രസ്താവനകള്‍ നടത്തുകയും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍’ ശ്രമിക്കുകയും ചെയ്തു’ എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡോ. പരമേശ്വര്, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരു ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ ബുധനാഴ്ചയാണ് പരാതി നല്‍കിയത്
സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പിഎഫ്‌ഐയുടെ നിരോധനം നീക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയതായും അമിത് ഷാ പറഞ്ഞു. ഈ രണ്ട് അവകാശവാദങ്ങളും വിദ്വേഷം പരത്തുന്നതിനും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തെറ്റായ ഉദ്ദേശ്യങ്ങളോടെ അപകീര്‍ത്തിപ്പെടുത്തുന്നതിനും തുല്യമാണ്, സംസ്ഥാനത്ത് ആഭ്യന്തരമന്ത്രിയുടെ സമീപകാല പ്രസംഗം ഉദ്ധരിച്ച് സുര്‍ജേവാല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബാഗല്‍കോട്ട് ജില്ലയിലെ ടെര്‍ഡലില്‍ ചൊവ്വാഴ്ച നടന്ന പൊതുയോഗത്തിലാണ് അമിത് ഷാ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ വംശീയരാഷ്ട്രീയം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാവുമെന്നും സംസ്ഥാനത്തിന്റെ വികസനം പിറകോട്ടായിരിക്കുമെന്നും ഷാ ആരോപിച്ചു. ”അബദ്ധവശാല്‍ പോലും കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍, അത് എക്കാലത്തെയും ഉയര്‍ന്ന അഴിമതിക്കും പ്രീണനത്തിനും എക്കാലത്തെയും ഉയര്‍ന്ന വംശീയ രാഷ്ട്രീയത്തിനും വഴിവെക്കും. സംസ്ഥാനം മുഴുവന്‍ കലാപം ഉണ്ടാകും.
ഈ തിരഞ്ഞെടുപ്പ് നമ്മുടെ സ്ഥാനാര്‍ത്ഥികളെ എംഎല്‍എമാരോ മന്ത്രിമാരോ ആക്കാനുള്ളതല്ല. ഈ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി മോദിജിക്ക് കൈമാറാനുള്ളതാണ്. കര്‍ണാടകയെ സമ്പൂര്‍ണ വികസിത സംസ്ഥാനമാക്കാനാണ് ഈ തിരഞ്ഞെടുപ്പ്” അമിത് ഷാ പറഞ്ഞു.
”ഒരു ജനാധിപത്യ സംവിധാനത്തില്‍, ഭരണാധികാരികളുടെ അടിമകളേക്കാള്‍ അവരെ സേവിക്കുന്ന ഇത്തരം പ്രതിനിധികള്‍ക്കാണ് പൗരന്മാര്‍ വോട്ട് ചെയ്യുന്നത്. അമിത് ഷാ, നിങ്ങള്‍ ജനാധിപത്യ സംവിധാനത്തെ മാത്രമല്ല, ആത്മാഭിമാനമുള്ള കന്നഡക്കാരെയും അപമാനിച്ചു. അമിത് ഷായുടെ പ്രസംഗത്തെ വിമര്‍ശിച്ച്് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.