ബെംഗളൂരു: കര്‍ണാടകത്തില്‍ രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ജാര്‍ക്കിഹോളി, കെ.സുധാകര്‍ എന്നിവരാണ് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. ബി.എസ്.യെദ്യൂരപ്പയുമായി ഇവര്‍ സംസാരിച്ചു. ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ ബിജെപി നീക്കം ശക്തമാക്കിയതായാണ് കൂടിക്കാഴ്ചയെ തുടര്‍ന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയ നേതാക്കള്‍ ബിജെപിയിലേക്ക് ചേരുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.

Read More: ‘ഒന്നാണ് നമ്മള്‍’; കര്‍ണാടകയില്‍ കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരും

രമേഷ് ജാർക്കിഹോളിക്കൊപ്പമുളള വടക്കൻ കർണാടകത്തിലെ ആറ് എംഎൽഎമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുള്ളതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇവരെ ഗോവയിലെ റിസോർട്ടിലേക്ക് ഉടൻ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ മണ്ഡ‍്യയിൽ ജയിച്ച സുമലത അംബരീഷും ബി എസ് യെദ്യൂരപ്പയെ കണ്ടു.

അതേസമയം, ബിജെപി നേതാക്കളുമായി നടത്തിയത് രാഷ്ട്രീയ കൂടിക്കാഴ്ച അല്ലെന്ന് വിമത കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നേടിയ മികച്ച വിജയത്തില്‍ അഭിനന്ദനമറിയിക്കാനാണ് തങ്ങളെത്തിയതെന്ന് രമേശ് ജാര്‍ക്കിഹോളി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും പകരം കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എച്ച്.ഡി.കുമാരസ്വാമി പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭാ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് ലഭിച്ചത്. ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളില്‍ 25 ഇടത്തും ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തി ബിജെപി വിജയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook