ന്യൂഡൽഹി: മുതിർന്ന കോൺ​ഗ്രസ്​ നേതാവ്​ പി.ചിദംബരം ജമ്മുകശ്​മീരിന്​ കൂടുതൽ സ്വയംഭരണാധികാരം നൽകണമെന്ന് വാദിച്ചതിന് മണിക്കൂറുകള്‍ക്കകം വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം വാദങ്ങളിലൂടെ നമ്മുടെ ധീരരായ സൈനികരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പ്രസ്താവനകളിലൂടെ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുളള നേട്ടങ്ങളെ നിറം കെടുത്തി കാണിക്കലാണെന്ന് മോദി പറഞ്ഞു. ഇത് അംഗീകരിക്കാന്‍ കഴിയാത്ത പ്രസ്താവനയാണെന്നും കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും മോദി പറഞ്ഞു.

Read More: ചിദംബരത്തിന്രെ പ്രസ്താവന ഇവിടെ വായിക്കാം. ജമ്മുകശ്​മീരിന്​ കൂടുതൽ സ്വയംഭരണാധികാരം നൽകണമെന്ന് പി.ചിദംബരം; വിമർശനവുമായി ബിജെപി, തളളി കോൺഗ്രസ്

കശ്മീരിന്​ കൂടുതൽ സ്വയംഭരണം നൽകണമെന്നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 370​ അർഥമാക്കുന്നതെന്നായിരുന്നു ചിദംബരം പറഞ്ഞത്. താൻ കശ്​മീരികളുമായി നടത്തിയ ചർച്ചയിലും അവർ അവർ സ്വയം ഭരണം ആഗ്രഹിക്കുന്നുവെന്നാണ്​ മനസിലാക്കാൻ സാധിച്ചതെന്നും ചിദംബരം പറഞ്ഞു. തീവ്രവാദ പ്രശ്​നങ്ങൾ നിലനിൽക്കുന്ന കശ്​മീരിന്​ സ്വയംഭരണം നൽകാമെന്ന്​ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്​ ഉണ്ടെന്നായിരുന്നു ചിദംബരത്തി​​​ന്റെ മറുപടി.

ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പരാമർശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമർശിച്ചു. ഇന്ത്യ പല കഷ്ണങ്ങളായി മുറിക്കണമെന്നാണ് ചിദംബരം പറയുന്നത്. സുരക്ഷ ജീവനക്കാരെ കൊലപ്പെടുത്തിയവരെ പിന്തുണയ്ക്കുകയാണ് ചിദംബരവും കോൺഗ്രസുമെന്ന് പറഞ്ഞ സ്മൃതി, ജമ്മു കശ്മീരിലെ ക്രമസമാധാനനില താറുമാറാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും ആരോപിച്ചു.

ചിദംബരത്തിന്റെ പ്രസ്താവന വിവാദമായതോടെ കോൺഗ്രസ് പാർട്ടിയും അദ്ദേഹത്തെ തള്ളി രംഗത്തെത്തി. ചിദംബരത്തിന്റേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും പാർട്ടിയുടേതല്ലെന്നും കോൺഗ്രസ് വക്താവ് റൺദീപ് സിങ് സുജേർവാല പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അത് ചോദ്യം ചെയ്യപ്പെടാതെ അങ്ങനെ തന്നെ നിലനിൽക്കും. ഒരാളുടെ മാത്രം അഭിപ്രായം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഭിപ്രായമാകണമെന്നില്ല. എന്നാൽ നമ്മുടെ ജനാധിപത്യത്തിൽ ഒരാൾക്കു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ