ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്(81) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലേക്ക് വീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

Read More: ‘ഡല്‍ഹിയുടെ മുഖച്ഛായ മാറ്റിയ മുഖ്യമന്ത്രി’; ഷീല ദീക്ഷിതിന് ആദരമര്‍പ്പിച്ച് നേതാക്കള്‍

മൂന്ന് തവണ തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഭരണം നഷ്ടപ്പെട്ടത്. 2014ൽ കേരള ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രി സഭകളിൽ അംഗമായിരുന്നു. നിലവിൽ കോൺഗ്രസ് പിസിസി അംഗമായിരുന്നു.

Read More: ഷീല ദീക്ഷിതിന്റെ മരണവാര്‍ത്ത അറിഞ്ഞ് പ്രവര്‍ത്തക കുഴഞ്ഞ് വീണു

ജനുവരി 2009 ൽ ഷീല ദീക്ഷിത് തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയാവുകയായിരുന്നു (1998 മുതൽ 2013 വരെ). ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല ദീക്ഷിത് എം.എൽ.എ ആയി വിജയിച്ചത്.

2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടതോടുകൂടി 2013 ഡിസംബർ എട്ടാം തിയതി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു.

2014 മാർച്ച് 11-നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യുപിഎ സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് 2014 ഓഗസ്റ്റ് 24ാം ആം തീയതി ഷീലാ ദീക്ഷിത് രാജിവച്ചത്. അഞ്ചു മാസമാണ് അവർ കേരള ഗവർണറായിരുന്നത്.

ഗവർണറായിരുന്ന കാലത്തെ അവരെടുത്ത നിർണായകമായ ഒരു തീരുമാനം, എം.ജി. സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എ.വി. ജോർജിനെ പിരിച്ചുവിട്ടതാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വി.സി യെ ചാൻസലറെന്ന നിലയിൽ ഗവർണർ പിരിച്ചുവിടുന്നത്.

കോൺഗ്രസ് നേതാവും പിന്നീട് പശ്ചിമ ബംഗാൾ ഗവർണറുമായിരുന്ന ഉമാ ശങ്കർ ദീക്ഷിതിന്റെ മകൻ വിനോദ് ദീക്ഷിത് ആയിരുന്നു ഷീലാ ദീക്ഷിതിന്റെ ഭർത്താവ്. മക്കൾ സന്ദീപ് ദീക്ഷിത്, ലതികാ ദീക്ഷിത് സയ്യിദ്. സന്ദീപ് ദീക്ഷിത് പാർലമെന്റ് അംഗമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook