ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്ന് വ്യക്തമാക്കണമെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. ബാലാകോട്ട് ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമാ ആക്രമണത്തിന് ശേഷം ബാലാകോട്ടില്‍ ഇന്ത്യ ശരിക്കും തിരിച്ചടിച്ചോ? 300 ഭീകരരെ വധിച്ചു എന്നത് വാസ്തവമാണോ? എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സാം പിത്രോദ ചോദിച്ചു.

Read: എത്ര പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് ഞങ്ങള്‍ എടുക്കാറില്ല: വ്യോമസേനാ മേധാവി

ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 300 ഭീകരരെ വധിച്ചെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. സത്യം എന്താണെന്ന് അറിയാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ട്. 300 പേര്‍ കൊല്ലപ്പെട്ടെങ്കില്‍ എല്ലാവരും അത് അറിയണം. ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ബുദ്ധിമുട്ട് തോന്നുന്നു എന്നും പിത്രോദ പറഞ്ഞു.

അതേസമയം, പിത്രോദക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സൈന്യത്തെ അധിക്ഷേപിക്കുകയാണ് പ്രതിപക്ഷം വീണ്ടും വീണ്ടും ചെയ്യുന്നത്. സൈന്യത്തിന്റെ കഴിവിനെ മോശമാക്കി ചിത്രീകരിക്കുന്നു. സൈന്യത്തെ അധിക്ഷേപിക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യണമെന്ന് ഇന്ത്യയിലെ സഹോദരങ്ങളോട് ആവശ്യപ്പെടുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook