ന്യൂഡൽഹി: മീ ടൂ ക്യാംപെയിനിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അന്തസ്സോടെയും ബഹുമാനത്തോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമാണിത്. മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

നടൻ നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത ലൈംഗികാരോപണം ഉന്നയിച്ചതോടെ ബോളിവുഡിൽ തുടക്കമിട്ട മീ ടൂ ക്യാംപെയിൻ മറ്റു മേഖലകളിലും തുറന്നു പറച്ചിലിന് ഇടയാക്കിയിരുന്നു. മീ ടൂ ക്യാംപെയിനിലൂടെ നിരവധി സ്ത്രീകളാണ് ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.

2008ല്‍ ഷൂട്ടിങ് നടന്ന് റിലീസാവാതിരുന്ന ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽവച്ച് നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്നാണ് തനുശ്രീ ആരോപണമുന്നയിച്ചത്. ഇതിനുപിന്നാലെ തമിഴ് സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തും തുറന്നു പറച്ചിലുകളുണ്ടായി.

പ്രമുഖ മാധ്യമ പ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ.അക്ബറിനെതിരെ മീ ടൂ ക്യാംപെയിനിലൂടെ ഏഴു വനിതാ മാധ്യമ പ്രവർത്തകരാണ് ലൈംഗികാരോപണം ഉന്നയിച്ചത്. കാബിനില്‍വച്ച് അക്ബര്‍ പിന്നില്‍നിന്നു കയറിപ്പിടിച്ചെന്നും ശാരീരികമായി പീഡിപ്പിച്ചെന്നുമായിരുന്നു ഒരു മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook