ചെന്നൈ: ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ അംഗമാകാന്‍ കമല്‍ഹാസനും അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിനും ക്ഷണം നല്‍കി രണ്ടു ദിവസത്തിന് ശേഷം, തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി തലവന്‍ കെ.എസ്.അളഗിരി താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. കമല്‍ഹാസന്‍ ഡിഎംകെയ്ക്ക് എതിരെ നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. ഈ വിമര്‍ശനം ബിജെപിയെ സഹായിക്കാനേ വഴിയൊരുക്കൂവെന്ന് അളഗിരി പറഞ്ഞു.

തമിഴ്‌നാട്ടിലെ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര കക്ഷിയാണ് സഖ്യകക്ഷിയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുക എന്ന് അളഗിരി പ്രസ്താവനയില്‍ പറയുന്നു.

“ഡിഎംകെയ്‌ക്കെതിരായി കമല്‍ഹാസന്‍ നടത്തിയ ആക്രമണത്തെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഒരു കാരണവുമില്ലാതെ ഡിഎംകെയെ വിമര്‍ശിച്ചതില്‍ ശക്തമായി അപലപിക്കുന്നു. ഡിഎംകെയ്‌ക്കെതിരായ അദ്ദേഹത്തിന്റെ ആക്രമണം സംസ്ഥാനത്തെ ബിജെപിയെയായിരിക്കും സഹായിക്കുക. അത് അദ്ദേഹത്തിന്റെ ആശയങ്ങളും പ്രഖ്യാപനങ്ങളും നടപ്പിലാക്കാന്‍ സഹായിക്കില്ല,” അളഗിരി പറഞ്ഞു.

മോദി വിരുദ്ധ വോട്ടുകള്‍ ചിതറാതിരിക്കാന്‍ കമലിന്റെ പാര്‍ട്ടിയെ ഡിഎംകെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ അളഗിരി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ ഡിഎംകെ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഡിഎംകെയ്‌ക്കെതിരായ കമല്‍ഹാസന്റെ ആവര്‍ത്തിച്ചുള്ള വിമര്‍ശനമാണ് അതൃപ്തിക്ക് കാരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ