ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിനു തിരിച്ചടി നല്‍കിക്കൊണ്ട്, മുന്‍ കേന്ദ്രമന്ത്രിയും രണ്ടുതവണ കോണ്‍ഗ്രസ് എംപിയുമായ ജിതിന് പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെയും പാര്‍ട്ടി വക്താവ് അനില്‍ ബലൂണിയുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിനു മുന്നോടിയായി ഗോയലിനെ അദ്ദേഹത്തിന്റെ വസതിയില്‍ പ്രസാദ സന്ദര്‍ശിച്ചു.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയും കോവിഡ് കൈകാര്യം സംബന്ധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതുമായ പശ്ചാത്തലത്തിലും ജിതിന് പ്രസാദയുടെ ബിജെപി പ്രവേശം കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്കു കനത്ത തിരിച്ചടിയാണ്.
കോണ്‍ഗ്രസുമായുള്ള മൂന്നു തലമുറ ബന്ധത്തെക്കുറിച്ച് ഏറെ ആലോചിച്ച ശേഷമാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനമെടുത്തതെന്ന് ജിതിന് പ്രസാദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയെ ”യഥാര്‍ത്ഥ ദേശീയ” പാര്‍ട്ടിയെന്നാണ് പ്രസാദ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ താല്പ്പര്യങ്ങള്ക്കയാണു ബിജെപി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
”എനിക്ക് ജനങ്ങളെ സഹായിക്കാനാവില്ലെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്നും മനസിലാക്കി,” കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോകുന്നതു സംബന്ധിച്ച പ്രസാദ കൂട്ടിച്ചേര്‍ത്തു.
Also Read: ഇരുചക്ര, മുച്ചക്ര ഇലക്ടിക് വാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ജിങ് സംവിധാനം വരുന്നു
2004, 2009 വര്‍ഷങ്ങളില്‍ ഷാജഹാന്‍പൂര്‍, ധൗറ ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച പ്രസാദയ്ക്ക് 2014 ല്‍ സീറ്റ് നഷ്ടമായി.
സംഘടനാ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് 2020 ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയ 23 പ്രധാന കോൺഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു നാല്‍പ്പത്തിയേഴുകാരനായ ജിതിന് പ്രസാദ. എന്നാല്‍ കത്ത് തെറ്റായി ദുരുപയോഗം ചെയ്തതായും ഉന്നത നേതൃത്വത്തില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.