ഭോപ്പാല്‍: ഒരു ഹിന്ദുവായ തന്നോട് രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) എന്തിനാണ് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നുളള സ്ഥാനാർഥിയാണ് അദ്ദേഹം. താന്‍ ശങ്കരാചാര്യ ഭക്തനായിരുന്നു എന്നും എന്നാല്‍ തന്റെ ഭക്തി എവിടെയും പാടി നടന്നിട്ടില്ലെന്നും സിങ് പറഞ്ഞു.
‘എനിക്ക് ആര്‍എസ്എസിനോട് ഒരു തര്‍ക്കവും ഇല്ല. ആര്‍എസ്എസ് ഒരു ഹിന്ദു സംഘടനയാണെങ്കില്‍ ദിഗ്‌വിജയ് സിങ്ങും ഒരു ഹിന്ദുവാണ്. പിന്നെ എന്തിനാണ് ഈ ശത്രുത,’ ബിജെപി എന്തുകൊണ്ടാണ് അദ്ദേഹത്തെ ആര്‍എസ്എസ് വിരുദ്ധന്‍, ഹിന്ദു വിരുദ്ധന്‍ എന്ന് വിളിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ 1983 മുതല്‍ ദ്വാരകയുടേയും ജ്യോതിഷ് പീത് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെയും അഭിഷേകം പ്രാപിച്ച ശിഷ്യനാണ്. എന്നാല്‍ എന്റെ വിശ്വാസം മണ്ടത്തരങ്ങളില്‍ ഊന്നിയതോ തിരഞ്ഞെടുപ്പ് സമയത്ത് കൊട്ടിഘോഷിക്കുന്നതോ അല്ല,’ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന സിങ് പറഞ്ഞു.
‘രാഷ്ട്രീയം ഭിന്നിപ്പിക്കും. കുടുംബങ്ങളെ പോലും ഭിന്നപ്പിക്കും. അതിനാല്‍ മതവും രാഷ്ട്രീയവും ഒരിക്കലും ബന്ധിപ്പിക്കരുത്,’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍, പ്രതിപക്ഷം ഇല്ലാതിരിക്കുക എന്ന ഹിറ്റ്‌ലറുടെ മനോഭാവമാണതെന്നും ആ മനോഭാവത്തിനെതിരെയാണ് നാം പോരാടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം പ്രതിദിനം 27,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു.