ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ താനടക്കമുള്ള പാർട്ടി പ്രവർത്തകർ ആക്രമിക്കപ്പെട്ടെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ.

മുഴുവൻ സമയ അധ്യക്ഷനെ വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു പ്രവർത്തക സമിതി യോഗത്തിൽ ഉണ്ടായതെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സോണിയ ഗാന്ധിക്ക് കത്തെഴുതിയവർ ആക്രമിക്കപ്പെട്ടപ്പോൾ അവരെ പിന്തുണയ്‌ക്കാൻ മറ്റു നേതാക്കളൊന്നും രംഗത്തെത്തിയില്ലെന്നും കപിൽ സിബൽ പറഞ്ഞു. ഭരണഘടന പാലിക്കുന്നില്ലെന്നു ബിജെപിയെ കുറ്റപ്പെടുത്തുന്നവർ സ്വന്തം പാർട്ടിയുടെ ഭരണഘടന പിന്തുടരുന്നില്ല. കത്തിലൂടെ ചർച്ചയായത് നെഹ്‌റു കുടുംബത്തോടുള്ള മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ഘടകങ്ങളുടെയും വിശ്വസ്‌തത മാത്രമാണെന്നും സിബൽ പറഞ്ഞു. കത്തിൽ പരാമർശിച്ച കാര്യങ്ങൾ പാർട്ടിയിൽ എത്രയും പെട്ടന്ന് നടപ്പിലാക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും സിബൽ പ്രത്യാശ പ്രകടിപ്പിച്ചു.

Read Also: ശശി തരൂർ രാഷ്‌ട്രീയക്കാരനല്ല, ഗസ്റ്റ് ആർട്ടിസ്റ്റ്; കടന്നാക്രമിച്ച് കൊടിക്കുന്നിൽ

“മുഴുവൻ സമയ അധ്യക്ഷനെയാണ് കത്തിൽ ആവശ്യപ്പെട്ടത്. വളരെ വേഗത്തിൽ നടപ്പിലാക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങളാണ് ഈ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങൾ എഴുതിയ കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് ചോദ്യം ചെയ്യാം. കത്തിൽ പറയുന്ന കാര്യങ്ങൾ ചർച്ചയായില്ല. അതേ കുറിച്ച് ആരും സംശയങ്ങൾ ഉന്നയിച്ചില്ല. പകരം, ഞങ്ങളെ വിമതരാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്,” കപിൽ സിബൽ പറഞ്ഞു.

കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് കപിൽ സിബൽ വിമർശനമുന്നയിച്ചിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത 50 വർഷവും കോൺഗ്രസ് പ്രതിപക്ഷത്ത് തന്നെയായിരിക്കുമെന്ന് ഗുലാം നബി ആസാദും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സിബല്‍ ഉള്‍പ്പെടെ 23 നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. കപിൽ സിബലും ഗുലാം നബി ആസാദുമടക്കമുള്ള നേതാക്കളാണ് പാർട്ടി അധ്യക്ഷയ്ക്ക് കത്ത് നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook