ബെംഗളൂരു: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടക മന്ത്രിസഭ രൂപീകരണത്തില്‍ കോണ്‍ഗ്രസ് – ജനതാദള്‍ (എസ്) ധാരണയായി. ” ജനതാദളിന് ധനകാര്യം നല്‍കും എന്നാണ് ഞങ്ങള്‍ തമ്മില്‍ എത്തിയ ധാരണ. മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടുണ്ട്” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ധനകാര്യ വകുപ്പ് ജനതാദള്‍ സെക്യുലറിന് നല്‍കിയപ്പോള്‍ അഭ്യന്തര വകുപ്പിന്റെയും ബെംഗളൂരു നഗര വികസനത്തിന്റെയും ചുമതല കോണ്‍ഗ്രസിനാകും.

കര്‍ണാടകത്തിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളാകുമെന്ന കാര്യത്തിലും ഇരുകക്ഷികളും ധാരണയിലെത്തിയതായി കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ അറിയിച്ചു.

അഭ്യന്തരം, ജലസേചനം, ബെംഗളൂരു നഗര വികസനം, വ്യവസായം, കരിമ്പ്‌ വ്യവസായം, ആരോഗ്യം, റവന്യു, നഗര വികസനം, ഗ്രാമ വികസനം, തൊഴില്‍, ഖനി, വനം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാകും. ഇതിനുപുറമേ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, വനം പരിസ്ഥിതി, സാമൂഹ്യ ക്ഷേമം, ഭക്ഷ്യം, ഹജ്, വഖഫ്, ശാസ്ത്ര സാങ്കേതികത, യുവജനക്ഷേമം, സ്പോര്‍ട്ട്സ്, കന്നഡ സംസ്കാരം, കായികം എന്നീ വകുപ്പുകളുടെ അധിക ചുമതലയും കോണ്‍ഗ്രസ് വഹിക്കും.

ധനകാര്യം, എക്സൈസ്, ഇന്റലിജനസ്, വൈദ്യുതി, കോര്‍പറേഷന്‍, ടൂറിസം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഫിഷറീസ്, ചെറുകിട വ്യവസായം, ഗതാഗതം, ചെറുകിട ജലസേചനം തുടങ്ങിയ വകുപ്പുകളാണ് ജനതാദളിന്.

മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും ചേര്‍ന്ന് ബാക്കിയുള്ള വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook