ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്(ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസിനും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനും കത്തയച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് .
ആരോപണങ്ങളില്‍ സെന്‍ട്രല്‍ ബാങ്കിനോട് ഇരുവശങ്ങളും പരിശോധിക്കാന്‍ ജയറാം രമേശ് കത്തില്‍ ആവശ്യപ്പെട്ടു. ”ഒന്ന്, ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തില്‍ അദാനിയുടെ വെളിപ്പെടുത്തല്‍ എന്താണ്? രണ്ട്, വിദേശ ധനസഹായം വറ്റിയാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ ജാമ്യം നില്‍ക്കാന്‍ അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ള വ്യക്തവും പരോക്ഷവുമായ ഉറപ്പ് എന്താണ്? സാമ്പത്തിക സ്ഥിരതയിലെ അപകടസാധ്യതകള്‍ അന്വേഷിച്ച് ഉറപ്പാക്കണമെന്നും ജയറാം രമേശ് ആര്‍ബിഐക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ആരുടെയും പക്ഷം ചേരാതെ വിഷയത്തില്‍ ന്യായവും സമ്പൂര്‍ണ്ണവുമായ അന്വേഷണം വേണമെന്ന് സെബി മേധാവിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
നടപടികളില്‍ പരാജയപ്പെടുന്നത് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭരണത്തിലും ഇന്ത്യയുടെ സാമ്പത്തിക നിയന്ത്രണാധികാരികളിലും കരിനിഴല്‍ വീഴ്ത്തും, മാത്രമല്ല ആഗോളതലത്തില്‍ ഫണ്ട് ശേഖരിക്കാനുള്ള നമ്മുടെ കഴിവിനെ ബാധിക്കുകയും ചെയ്യും കത്തില്‍ പറയുന്നു.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (എല്‍ഐസി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) അദാനി ഗ്രൂപ്പ് ഇക്വിറ്റി വന്‍തോതില്‍ വാങ്ങിയത് എന്തുകൊണ്ടാണെന്നും ജയറാം രമേശ് ചോദിച്ചു.
”30 കോടി ഇന്ത്യക്കാര്‍ തങ്ങളുടെ ജീവിത സമ്പാദ്യത്തില്‍ വിശ്വസിക്കുന്ന എല്‍ഐസിക്ക് സമീപ ദിവസങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ സ്റ്റോക്കില്‍ ആയിരക്കണക്കിന് കോടികളുടെ നഷ്ടമുണ്ടായി. അത്തരം പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ സ്വകാര്യമേഖലയിലെ എതിരാളികളേക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികവും മേല്‍ത്തട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തവുമാണെന്ന് നമ്മള്‍ ഉറപ്പാക്കേണ്ടതല്ലേ? എന്നും അദ്ദേഹം ചോദിച്ചു.
അദാനിയുടെ ഓഹരി കൃത്രിമത്വവും തട്ടിപ്പും ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം, അദാനി ഗ്രൂപ്പിലെ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞിരന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെയുണ്ടായ എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. ഈയാഴ്ച ആദ്യം അവസാനിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍, അദാനി ഗ്രൂപ്പ് പ്രതിസന്ധിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയോ (ജെപിസി) അല്ലെങ്കില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിയമസഭാംഗങ്ങള്‍ ഇരുസഭകളിലും തുടര്‍ച്ചയായി നടപടികള്‍ തടസ്സപ്പെടുത്തിയരുന്നു.